Posted By christymariya Posted On

റമദാനിൽ യുഎഇയിൽ വീട്ടിലിരുന്നും ജോലി ചെയ്യാം

എമിറേറ്റിൽ റമദാനിൽ സർക്കാർ ജീവനക്കാർക്ക് ജോലിയിളവുകൾ പ്രഖ്യാപിച്ച് മാനവവിഭവശേഷി വകുപ്പ്​. ജോലി സമയത്തിൽ സൗകര്യപ്രദമായ രീതികൾ സ്വീകരിക്കാനും വീട്ടിലിരുന്ന്​ വിദൂര ജോലി ചെയ്യാനുമാണ്​ അനുമതി നൽകിയിട്ടുള്ളത്​. ആഴ്ചയിൽ രണ്ട് ദിവസമാണ് റിമോട്ട് വർക്കിന് അനുമതിയുള്ളത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൻറെ നിർദേശപ്രകാരമാണ്​ തീരുമാനമെടുത്തിട്ടുള്ളത്​.റമദാനിൽ രാജ്യത്തുടനീളം ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ച്​ സുഗമമായ സമയക്രമവും വർക്ക്​ ഫ്രം ഹോം ഉൾപ്പെടെയുള്ള രീതികളും ഉപയോഗിക്കാമെന്നാണ്​ വ്യക്​തമാക്കിയിട്ടുള്ളത്​.ദൈനംദിന ജോലികൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഉൽപാദനക്ഷമത നിലനിർത്തുന്നതിനും ജീവനക്കാർ അവരുടെ മേലുദ്യോഗസ്ഥനുമായി ഏകോപനത്തോടെ നിർദേശം നടപ്പിലാക്കണമെന്ന്​ നയം അനുശാസിക്കുന്നുണ്ട്​. സ്വകാര്യ മേഖലയിലും സമാന രീതി പിന്തുടരാൻ നയം പ്രോത്സാഹിപ്പിക്കുന്നുണ്ട്​. ഭരണനേതൃത്വം പ്രഖ്യാപിച്ച ‘ഇയർ ഓഫ്​ കമ്മ്യൂണിറ്റി’യുമായി ചേർന്നു നിൽക്കുന്നതും സാമൂഹിക മൂല്യങ്ങൾ ശക്​തമാക്കുന്നതിനുള്ള ജോലി സാഹചര്യം ഒരുക്കുന്ന ദുബൈ സർക്കാർ നയത്തിന്​ യോജിച്ചതുമാണ്​ തീരുമാനമെന്നും മാനവവിഭവശേഷി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.പുതിയ മാർഗനിർദ്ദേശം പ്രകാരം മൂന്ന് മണിക്കൂർ വരെ ഫ്ലക്സിബ്​ൾ ജോലി സമയം അനുവദിക്കും. തിങ്കൾ മുതൽ വ്യാഴം വരെ 5.5 മണിക്കൂർ ജോലി പൂർത്തിയാക്കിയാൽ മതിയാകും. വെള്ളിയാഴ്ച മൂന്ന് മണിക്കൂർ മാത്രമേ ജോലി ചെയ്യേണ്ടതായിട്ടുള്ളൂ. അതോടൊപ്പം അവരുടെ ജോലി ആവശ്യകതകൾ, ജോലി സാഹചര്യം, ഉത്തരവാദിത്തങ്ങളുടെ സ്വഭാവം എന്നിവയെ ആശ്രയിച്ച് ആഴ്ചയിൽ രണ്ട് ദിവസം വരെ വിദൂരമായി ജോലി ചെയ്യാൻ അനുവാദമുണ്ടെന്നും അധികൃതർ വ്യക്​തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *