
വിസ, മാസ്റ്റർ കാർഡ് മാതൃകയിൽ ജയ്‍വാൻ കാർഡുമായി യുഎഇ; രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാം
യുഎഇ സെൻട്രൽ ബാങ്കിൻ്റെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്മെൻ്റ്സ് (എഇപി), രാജ്യത്തെ ആദ്യത്തെ ആഭ്യന്തര കാർഡ് സ്‌കീമായ ജയ്‍വാൻ പുറത്തിറക്കി. ഇതോടെ, മാസ്റ്റർകാർഡും വിസ കാർഡും അന്താരാഷ്ട്രതലത്തിൽ വാഗ്ദാനം ചെയ്യുന്നതുപോലുള്ള ദേശീയ പേയ്മെൻ്റ് സംവിധാനം യുഎഇക്കും സ്വന്തം. ഡിജിറ്റൽ പേയ്മെൻ്റ് ഓപ്ഷനുകൾ വികസിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഈ സംവിധാനം ഇപ്പോൾ പ്രാദേശികമായും അന്തർദേശീയമായും ഉപയോഗത്തിന് സജ്ജമാണെന്ന് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയയിലെ എഫ്റ്റ്പോസ്, ബ്രസീലിലെ എലോ, ഇന്ത്യയിലെ റുപേ, സൗദി അറേബ്യയിലെ മദാഡ, ബഹ്റൈനിലെ ബെനിഫിറ്റ്, കുവൈറ്റിലെ കെനെറ്റ് എന്നിങ്ങനെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സുഗമമാക്കുന്നതിന് സ്വന്തമായി ആഭ്യന്തര സംവിധാനങ്ങൾ പല രാജ്യങ്ങൾക്കും സ്വന്തമായുണ്ട്. ജയ് വാൻ കാർഡ് വന്നതോടെ യുഎഇയും ആ രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്. ആഗോളതലത്തിൽ 200 കോടി കാർഡുകളുമായി ഇത്തരം 90 സ്‌കീമുകൾ നിലവിലുള്ളതായാണ് കണക്കുകൾ.
ഇന്ന് ഉപയോഗത്തിലുള്ള 26 ബില്യൺ പ്ലാസ്റ്റിക് കാർഡുകളിൽ 8 ശതമാനത്തിൽ താഴെ മാത്രമേ ഈ കാർഡുകൾ വരികയുള്ളൂ എങ്കിലും, സുരക്ഷ വർധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നതിനുമായി പല രാജ്യങ്ങളും ആഭ്യന്തര പേയ്മെൻ്റ് നെറ്റ്വർക്കുകൾക്ക്, പ്രത്യേകിച്ച് ഡെബിറ്റ് ഇടപാടുകൾക്ക്, മുൻഗണന നൽകുന്നുണ്ട്.
വ്യക്തികൾക്കും ബിസിനസുകൾക്കും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഒരു പേയ്മെൻ്റ് ഓപ്ഷൻ നൽകുക എന്നതാണ് ജയ്വാൻ ലക്ഷ്യമിടുന്നതതെന്ന് അൽ ഇത്തിഹാദ് പേയ്മെൻ്റ്സ് അറിയിച്ചു. ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും യുഎഇ എസ് വിച്ച് ഉപയോഗിച്ച് പ്രാദേശിക പേയ്മെൻ്റുകൾ വേഗത്തിലാക്കുന്നതിനും ഇ-കൊമേഴ്സിനെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
ഓൺലൈൻ ഇടപാടുകൾ, എടിഎം പിൻവലിക്കലുകൾ, പോയിൻ്റ് ഓഫ് സെയിൽ പർച്ചേസുകൾ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന ഡെബിറ്റ്, പ്രീപെയ്ഡ്, ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ വ്യത്യസ്ത തരം കാർഡുകൾ ഈ പദ്ധതി വാഗ്ദാനം ചെയ്യും. യുഎഇ, ജിസിസി രാജ്യങ്ങൾ, തിരഞ്ഞെടുത്ത മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള ഒരു മോണോ-ബാഡ്ജ് കാർഡ് (ജയ് വാൻ ഓൺലി കാർഡുകൾ), ലോകത്തെവിടെയും ഉപയോഗിക്കാവുന്ന, മറ്റ് അന്താരാഷ്ട്ര പേയ്മെൻ്റ് നെറ്റ്വർക്കുകളുമായി ചേർന്നുള്ള കോ-ബാഡ്ജ് കാർഡ് (ജയ്വാൻ പ്ലസ്) എന്നിവ ലഭ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)