
വിസ്തീർണ്ണം 3,900 ചതുരശ്ര മീറ്റർ, 60ഓളം യാത്രക്കാർക്കുള്ള ഇരിപ്പിടം, യുഎഇയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു
അബുദാബിയിലെ അൽ അലിയ ദ്വീപിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു. എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കുമുള്ള യാത്ര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അബുദാബി മാരിടൈമുമായി സഹകരിച്ചാണ് പുതിയ ടെർമിനൽ ആരംഭിച്ചിരിക്കുന്നത്. അൽ അലിയ ദ്വീപിനെ അബുദാബിയുടെ മറ്റ് ഭാഗങ്ങളുമായി ഈ ടെർമിനൽ ബന്ധിപ്പിക്കും. കൂടാതെ, ചരക്കുകൾ അതിവേഗം എത്തിക്കുന്നതിനും താമസക്കാർ, സന്ദർശകർ, തൊഴിലാളികൾ എന്നിവരുടെ യാത്ര എളുപ്പമാക്കാനും പുതിയ ടെർമിനൽ എത്തിയതോടെ സാധ്യമാകും.
അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ചിരിക്കുന്ന പുതിയ ടെർമിനലിന്റെ ആകെ വിസ്തീർണ്ണം 3,900 ചതുരശ്ര മീറ്ററാണ്. അറുപതോളം യാത്രക്കാർക്കുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. റോറോ കപ്പലുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള 15 മീറ്റർ, 12.5 മീറ്റർ ബർത്തുകൾ, 80 ചതുരശ്ര മീറ്റർ വരുന്ന ഓഫീസ് കെട്ടിടം, ഏഴ് പാർക്കിങ് സ്ഥലങ്ങൾ, ആറ് ട്രക്ക് പാർക്കിങ് സ്ഥലങ്ങൾ, ക്രൂ താമസ സൗകര്യം എന്നിവയും ടെർമിനലിൽ ഉൾപ്പെടുന്നു.
സമുദ്ര ഗതാഗതത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുന്നതിന്റെയും സമുദ്ര മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ ടെർമിനൽ ആരംഭിച്ചതെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗ്ഫെലി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)