
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പരിശോധന കർശനം; പരിശോധനയ്ക്ക് 380 ഉദ്യോഗസ്ഥരെ നിയമിച്ച് യുഎഇ
റമസാൻ വ്രതാരംഭം കണക്കിലെടുത്തു ഭക്ഷ്യസുരക്ഷാ പരിശോധന ദുബായ് മുനിസിപ്പാലിറ്റി കർശനമാക്കി. റസ്റ്ററന്റുകളിലും ഇവന്റ് നടക്കുന്ന സ്ഥലങ്ങളിലുമുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു. ചന്തകൾ, മാളുകൾ, ഫുഡ് വെയർഹൗസുകൾ, ഭക്ഷ്യ സ്ഥാപനങ്ങൾ, ബേക്കറികൾ, ഹൈപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ, സലൂണുകൾ, സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങൾ, കഫേകൾ, ഗെയിമിങ് കേന്ദ്രങ്ങൾ, തൊഴിലാളി താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് തുടർച്ചയായ പരിശോധന നടത്തുകയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.
റമസാൻ ടെന്റിനും തുറന്ന വേദിയിലെ പരിപാടികൾക്കുമായി 100 സ്ഥാപനങ്ങൾക്കാണ് ഇത്തവണ മുനിസിപ്പാലിറ്റി അനുമതി നൽകിയിട്ടുള്ളത്. ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമായി പാകം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികൾ നടത്തി. ഇറച്ചിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചു.
എല്ലാവർക്കും സുരക്ഷിതവും ആരോഗ്യപൂർണവുമായ ഒരു നോമ്പുകാലം ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് പരിസ്ഥിതി, ആരോഗ്യ, സുരക്ഷാ ഏജൻസി സിഇഒ ഡോ. നസീം മുഹമ്മദ് റഫീ പറഞ്ഞു.
അറവുശാലകൾ, ചന്തകൾ, അറവുമൃഗങ്ങളെ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വൃത്തി ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നതിനു പകരം അറവുശാലകളിൽ നിന്നു സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന ആപ് ഉപയോഗിക്കാൻ മുനിസിപ്പാലിറ്റി ജനങ്ങളോടു അഭ്യർഥിച്ചു. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ മുനിസിപ്പാലിറ്റിയുടെ കോൾ സെന്ററിൽ (800900) അറിയിക്കാം.
∙ ഷാർജ: പരിശോധനയ്ക്ക് 380 ഉദ്യോഗസ്ഥർ
ഷാർജ ∙ ഭക്ഷ്യസ്ഥാപനങ്ങളിൽ പരിശോധന നടത്താൻ മാത്രം 380 ഉദ്യോഗസ്ഥരെ നിയമിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. വ്രതമാസത്തിലെ ഭക്ഷ്യവിതരണം സുതാര്യവും സുരക്ഷിതവുമാക്കാൻ നടപടികൾ സ്വീകരിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി പറഞ്ഞു.
പെർമിറ്റില്ലാതെ റമസാനിൽ ഭക്ഷണവിതരണം നടത്തുന്നത് നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റിലെ വിനോദ, ഉല്ലാസ ഇടങ്ങൾ, ഹരിത മേഖലകൾ എന്നിവിടങ്ങൾ നിരീക്ഷിക്കാനും പരിശോധനയ്ക്കും ഉദ്യോഗസ്ഥരുണ്ടാകും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)