
‘ബ്ലൂകോളർ’ ജോലിക്കാരെ വെട്ടിക്കുറച്ച് വൈറ്റ് കോളർ’ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി യുഎഇ
സാധാരണ തൊഴിലുകളെടുക്കുന്ന ‘ബ്ലൂകോളർ’ ജോലിക്കാരുടെ എണ്ണം കുറക്കാനും പ്രഫഷനൽ യോഗ്യതയുള്ള ‘വൈറ്റ് കോളർ’ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനുമുള്ള നിർണായക ലക്ഷ്യവുമായി അബൂദബി. ബ്ലൂ കോളർ ജോലിക്കാരുടെ എണ്ണം ചുരുക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും എന്നാൽ, അവരുടെ സംഭാവനകൾക്ക് നന്ദിയുള്ളവരാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. വിജ്ഞാനാധിഷ്ഠിത മേഖലകളിലാണ് അബൂദബി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കാർഷിക സാങ്കേതികവിദ്യ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾ പോലുള്ളവയെയാണ് ആവശ്യമെന്നും അധികൃതർ വിശദീകരിക്കുന്നു. ഇത്തരം കമ്പനികൾക്ക് ഇൻസെന്റിവുകൾ അടക്കം നൽകി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ രംഗത്ത് കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അബൂദബി നഗര, ഗതാഗത വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ ശറാഫ പറഞ്ഞു.
കഴിഞ്ഞ നാലുവർഷത്തിൽ അബൂദബിയിലെ ജനസംഖ്യയിൽ വൻ വർധനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ യു.എ.ഇയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായി അബൂദബി മാറുകയും ചെയ്തു. 2040ഓടെ ജനസംഖ്യ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കി മാറ്റുകയാണ് അബൂദബി ലക്ഷ്യമിടുന്നത്. 2024 ജൂണിൽ 37.89 ലക്ഷമാണ് അബൂദബിയിലെ ജനസംഖ്യ. 2011നെ അപേക്ഷിച്ച് 83 ശതമാനത്തിന്റെ വർധനയാണ് അബൂദബിയിലെ ജനസംഖ്യയിലുണ്ടായത്. എമിറേറ്റിലെ തൊഴിൽ ശക്തിയിൽ 46 ശതമാനം വൈറ്റ് കോളർ ജോലിക്കാരാണ്.
2011നെ അപേക്ഷിച്ച് 109 ശതമാനം വർധനയാണ് വൈറ്റ് കോളർ ജോലിക്കാരിൽ ഉണ്ടായത്. 56 ശതമാനമാണ് ബ്ലൂകോളർ ജോലിക്കാർ. ഇവരുടെ എണ്ണത്തിൽ 65 ശതമാനത്തിന്റെയും വർധനയുണ്ടായി. കൂടുതൽ വൈറ്റ് കോളർ ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ കഴിയുന്ന വിജ്ഞാന, നവീകരണ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് യു.എ.ഇ സർക്കാറും കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. സാമ്പത്തിക മേഖലയെ വളർച്ചയുടെ പുതുതലത്തിലേക്ക് വൈറ്റ് കോളർ ജോലിക്കാരുടെ വർധന സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിർമിത ബുദ്ധി രംഗത്തും അബൂദബി വൻതോതിൽ നിക്ഷേപം ഇറക്കുകയും കൂടുതൽ കമ്പനികളെ എമിറേറ്റിലേക്ക് ആകർഷിക്കുകയും ചെയ്യുന്നുണ്ട്. 2030ഓടെ അബൂദബിയിലെ ടാക്സി വാഹനങ്ങളിൽ 20 ശതമാനവും ഡ്രൈവറില്ലാതെ ഓടുന്നതാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ഫണ്ട് നൽകിയും കൂടുതൽ സ്വകാര്യ കമ്പനികളെ മേഖലയിലേക്ക് ആകർഷിച്ചുമായിരിക്കും ഈ ലക്ഷ്യം കൈവരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)