Posted By christymariya Posted On

സുരക്ഷാ ഭീഷണി; ഈ രണ്ട് റഷ്യൻ പ്രദേശങ്ങളിൽ ടെലഗ്രാം ആപ്പിന് നിരോധനം

ശത്രു രാജ്യങ്ങൾ ആക്രമണം ആസൂത്രണം ചെയ്യാൻ ടെലിഗ്രാം ആപ്പ് യൂസ് ചെയ്യുന്നെന്ന ഭയത്തെ തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ആപ്പ് നിരോധിച്ചു. തീവ്രവാദം വർധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. റഷ്യയിൽ ടെലഗ്രാം പ്രശ്‌നങ്ങളിൽ അകപ്പെടുന്നത് ഇതാദ്യമല്ലെന്ന് 2023 ഒക്ടോബറിൽ ഡാഗെസ്‍താനിൽ നടന്ന ഇസ്രയേൽ വിരുദ്ധ കലാപത്തെ പരാമര്‍ശിച്ച് ഗാംസറ്റോവ് വ്യക്തമാക്കി. ഇസ്രയേലിൽ നിന്ന് വിമാനത്തിൽ എത്തിയ യാത്രക്കാരെ ആക്രമിക്കാൻ നൂറുകണക്കിന് പ്രതിഷേധക്കാർ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയിരുന്നു അന്ന്. സംഭവത്തിൽ നിരവധി പേരെ അധികൃതർ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. വിമാനം എത്തിയെന്ന വാർത്ത പ്രാദേശിക ടെലഗ്രാം ചാനലുകളിൽ പ്രചരിച്ചതിനെ തുടർന്ന് അവിടെ ജനക്കൂട്ടം അക്രമത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം റഷ്യയിലെ നിരോധനങ്ങളെക്കുറിച്ച് ടെലഗ്രാം ഇതുവരെ പ്രതികരിച്ചില്ല. റഷ്യൻ വംശജനായ പാവേൽ ദുറോവ് സ്ഥാപിച്ച ഈ മെസഞ്ചർ ആപ്പിന് ഏകദേശം ഒരു ബില്യൺ ഉപയോക്താക്കളുണ്ട്. റഷ്യ, യുക്രൈന്‍, മറ്റ് മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തുടങ്ങിയ ഇടങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. 2018-ൽ ടെലഗ്രാമിനെ തടയാൻ മോസ്കോ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മുമ്പ് ഉപയോക്തൃ ഡാറ്റ കൈമാറാനും റഷ്യ പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടിരുന്നു. പ്ലാറ്റ്‌ഫോമിൽ സംഘടിത കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിച്ചതിന് ടെലിഗ്രാം സ്ഥാപകൻ പാവേൽ ദുറോവിനെ കഴിഞ്ഞ വർഷം ഫ്രാൻസിൽ അറസ്റ്റ് ചെയ്തിരുന്നു. ഉപയോക്തൃ സ്വകാര്യതയെ സംബന്ധിച്ച ടെലഗ്രാമിന്‍റെ നിലപാട് കാരണം, അതിന്‍റെ സെർവറുകളിൽ എന്ത് സംഭവിച്ചാലും പ്ലാറ്റ്‌ഫോം ഉത്തരവാദിയാണെന്ന് ഫ്രാൻസ് ആരോപിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *