Posted By christymariya Posted On

ഖത്തറിൽ ഗരങ്കാവ് ആഘോഷം: സാംസ്‌കാരിക സൗഹൃദം പങ്കിട്ട് കുട്ടികൾ

ദോഹ: റമസാനിലെ കുട്ടികളുടെ ഉത്സവമായ ഗരങ്കാവ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിച്ചു. പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ കുട്ടികൾ വീടുകൾ കയറിയിറങ്ങി മുതിർന്നവരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചും സ്‌നേഹം പങ്കുവച്ചും ആഘോഷത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു. കുട്ടികളെ സ്വീകരിക്കാനായി വർണ മിഠായികളും നട്‌സുകളും പോക്കറ്റ് മണികളുമായി മുതിർന്നവർ കാത്തിരുന്നു. പരമ്പരാഗത ആഘോഷരീതിക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ഗരങ്കാവ് ആഘോഷിച്ചു.

ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിൽ ഉമ്മുസലാലിലെ ദർബ് അൽ സായിൽ നടന്ന ‘അൽ-റാസ്ജി’ പരിപാടിയോടനുബന്ധിച്ച് ഗരങ്കാവ് ആഘോഷം സംഘടിപ്പിച്ചു. സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നതിനും ഖത്തരി പൈതൃകം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സാംസ്‌കാരിക മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്‌ടർ അഹമ്മദ് അലി അൽ യാഫി പറഞ്ഞു. ദോഹ ഫയർ സ്‌റ്റേഷനിൽ നടന്ന ആഘോഷപരിപാടിയിൽ പെയിന്റിങ്, മധുരവിതരണം, കുട്ടികളുടെ ബെസ്റ്റ് ഡ്രസ് മത്സരം, പാവകളി എന്നിവയൊരുക്കി. ബൊളെവാഡിൽ നടന്ന പരിപാടിയിൽ നിരവധി കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു. വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചു. ഓൾഡ് ദോഹ പോർട്ട്, മുശൈരിബ്, കത്താറ കൾച്ചറൽ വില്ലേജ്, മാൾ ഓഫ് ഖത്തർ തുടങ്ങിയ പ്രധാന ഷോപ്പിങ് മാളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെ ഗരങ്കാവ് ആഘോഷിച്ചു. സ്വദേശികളായ കുട്ടികൾക്ക് പുറമെ മലയാളികൾ ഉൾപ്പെടെ ഒട്ടറെ കുട്ടികൾ ആഘോഷങ്ങളിൽ പങ്കാളികളായി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *