Posted By christymariya Posted On

ലോജിസ്റ്റിക് സേവന മേഖലയിൽ പുതിയ പരിഷ്കാരവുമായി ഖത്തർ

ദോഹ ∙ ലോജിസ്റ്റിക്  സേവന മേഖലയിൽ പുതിയ പരിഷ്‌കാരവുമായി ഖത്തർ. കര, സമുദ്ര, വ്യോമ ചരക്ക് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ഒരു ലൈസൻസ്  മതിയാകുമെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയവും (MoCI) ഗതാഗത മന്ത്രാലയവും (MoT)  അറിയിച്ചു. നിലവിൽ  ഓരോ  മേഖലയിലെയും ചരക്ക് ഗതാഗത്തിന് വെവ്വേറെ  ലൈസൻസ്  ആവശ്യമായിരുന്നു. ഇനി മുതൽ ഒരു ലൈസൻസിൽ തന്നെ ലോജിസ്റ്റിക് കമ്പനികൾക്ക് കര, സമുദ്ര, വ്യോമ പ്രവർത്തനങ്ങൾ  നടത്താം. ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ നടപടിക്രമങ്ങൾ ലളിതമാക്കുക, ചെലവ് കുറയ്ക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം  സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

കൂടാതെ, ലോജിസ്റ്റിക് മേഖലയിലെ കമ്പനികൾക്ക്  അവരുടെ എല്ലാ ഷിപ്പിങ് പ്രവർത്തനങ്ങൾക്കും ഒരു വെയർഹൗസ് ഉപയോഗിക്കാൻ സാധിക്കും. സംയോജിത റജിസ്ട്രേഷൻ ലഭിക്കുന്നതിനായി  നിലവിലെ വാണിജ്യ റജിസ്ട്രേഷനിൽ പുതിയ  പ്രവർത്തനം കൂട്ടിചേർക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന്  അതിന് ആവശ്യമായ ലൈസൻസുകൾ നേടുകയും ചെയ്യണം. തുടർന്ന് വാണിജ്യ ലൈസൻസിനായി അപേക്ഷിക്കുകയും അത്  അംഗീകരിക്കുകയും ചെയ്താൽ മൂന്ന് മേഖലയിലെയും  പ്രവർത്തങ്ങൾ  ഒരു ലൈസൻസിന് കീഴിൽ നടത്താൻ സാധിക്കും. ലോജിസ്റ്റിക് രംഗത്ത്  വൻകുതിച്ചു ചാട്ടമാണ്  ഖത്തർ ലക്ഷ്യം വെക്കുന്നത് .ഖത്തറിന്റെ ലോജിസ്റ്റിക്സ് വിപണി 2025 ൽ 10.14 ബില്യൻ ഡോളറായി ഉയരുമെന്നാണ്  കണക്കാക്കുന്നത്. 2030 ഓടെ ഇത് 13.49 ബില്യൻ ഡോളറിലെത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *