Posted By christymariya Posted On

ഖത്തറില്‍ മനുഷ്യക്കടത്ത് തടയാന്‍ കര്‍ശന നടപടിയുമായി തൊഴില്‍ മന്ത്രാലയം

ദോഹ ∙ മനുഷ്യക്കടത്ത് തടയുന്നതിനും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിനും പുതിയ പദ്ധതിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം രംഗത്ത്. മന്ത്രാലയത്തിന് കീഴിലെ മനുഷ്യക്കടത്ത് നേരിടുന്നതിനുള്ള ദേശീയ സമിതിയാണ് (എൻസിസിഎച്ച്ടി) പദ്ധതി പ്രഖ്യാപിച്ചത്. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുക, ഇരകളെ സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുന്നതിൽ ദേശീയ, രാജ്യാന്തര സഹകരണത്തിന് അടിത്തറയിടുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മനുഷ്യക്കടത്തിന്റെ എല്ലാ രീതികളെയും നേരിടുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനുമായി സർക്കാർ സ്ഥാപനങ്ങളിലും സിവിൽ സമൂഹ സംഘടനകളിലും പ്രവർത്തനങ്ങൾ ഏകീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും നാല് പ്രധാന നടപടികളെ അടിസ്ഥാനമാക്കിയാണ് ദേശീയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയ അധികൃതർ വ്യക്തമാക്കി. നിയമപരമായ വ്യവസ്ഥകൾ ശക്തിപ്പെടുത്തുക, പ്രതിരോധ മുൻകരുതൽ കർശനമാക്കുക, മനുഷ്യക്കടത്തും ചൂഷണങ്ങളും ചെറുക്കുന്നതിനുള്ള നടപടികൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്.

ഇരകൾക്ക് സംരക്ഷണവും മാനുഷിക സഹായവും നൽകുന്നതാണ് രണ്ടാം ഘട്ടം. ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ പുനരധിവാസത്തിനും പിന്തുണ നൽകുന്നതിനും ചൂഷണ സാധ്യതയില്ലാതെ അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ശ്രമിക്കും. കുറ്റവാളികൾക്കെതിരായ നിയമ നടപടിയാണ് മൂന്നാമത്തേത്. കേസ് സമഗ്രമായി അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും മനുഷ്യക്കടത്ത് കുറ്റകൃത്യത്തിൽ പങ്കാളിയെന്ന് കണ്ടെത്തിയാൽ കർശന ശിക്ഷാനടപടികൾ ചുമത്താനും ഇത് നിർദേശിക്കുന്നു. ദേശീയ, പ്രാദേശിക, രാജ്യാന്തര സഹകരണത്തിലൂന്നിയുള്ള പ്രവർത്തനമാണ് നാലാമത്തെ പ്രധാന നടപടി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt​

Comments (0)

Leave a Reply

Your email address will not be published. Required fields are marked *