
ട്രേഡിങ് തട്ടിപ്പുകൾ ഇപ്പോൾ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ വ്യാപകം; മുന്നറിയിപ്പ്
തട്ടിപ്പുകാർക്കെതിരെ ജാഗ്രതാ നിർദേശവുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടെലഗ്രാമിലൂടെ ഇത്തരം തട്ടിപ്പുകൾ സജീവമായി നടക്കുന്നതായും പൊലീസ് അറിയിച്ചു.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പൊലീസിനെ വിവരം അറിയിക്കാനും നിർദേശമുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയത്. “സമൂഹമാധ്യമങ്ങളിലും വെബ്സൈറ്റുകളിലും വരുന്ന പരസ്യങ്ങളിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളാണ് തട്ടിപ്പുകാർ നൽകുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലും ഇത്തരം തട്ടിപ്പുകാർ സജീവമാണ്. ട്രേഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആപ്ലിക്കേഷനുകളെയും വെബ്സൈറ്റുകളെയും പറ്റി വ്യക്തമായി അന്വേഷിച്ചതിനു ശേഷം മാത്രം പണം ഇൻവെസ്റ്റ് ചെയ്യുക. സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പരിൽ പോലീസിനെ അറിയിക്കുക,” നിർദേശം ഇങ്ങനെ. വാഹനത്തിന് പിഴയുണ്ടെന്ന തരത്തിൽ മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ നിരവധി ആളുകൾക്ക് വ്യാജ സന്ദേശം ലഭിക്കുന്നതായും ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത വേണമെന്നും അടുത്തിടെ പൊലീസ് നിർദേശം നൽകിയിരുന്നു.
Comments (0)