
കാലാവസ്ഥാ മാറ്റം: ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തറിലെ ആരോഗ്യ വിദഗ്ധർ
ദോഹ ∙ രാജ്യത്തെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പുകളുമായി ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ. സൈനസ്, ശ്വാസകോശ സംബന്ധമായ അലർജികൾ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മുൻകരുതലെടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിനിലെ സീനിയർ കൺസൽറ്റന്റ് ഡോ.വർദ അലി അൽസാദ് മുന്നറിയിപ്പ് നൽകി. തണുപ്പും പൊടിക്കാറ്റും മഴയും എല്ലാം ഇടകലർന്ന കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ അണുബാധയും ബ്രോഞ്ചൈറ്റിസുമാണ് പൊതുവേ കാണപ്പെടുന്നത്.
നിലവിലെ കാലാവസ്ഥാ മാറ്റത്തിൽ ആരോഗ്യ മുൻകരുതലുകളെടുക്കേണ്ടതിന്റെയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഡോ.വർദ അലി ചൂണ്ടിക്കാട്ടി. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷനും (പിഎച്ച്സിസി) സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യ ബോധവൽക്കരണം സജീവമാക്കിയിട്ടുണ്ട്.
പൊടിക്കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ പരമാവധി വീട്ടിനുള്ളിൽ തന്നെ ഇരിക്കാൻ ശ്രദ്ധിക്കണമെന്ന് പിഎച്ച്സിസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത കാറ്റിൽ വാഹനം ഓടിക്കുന്നതും ഒഴിവാക്കണം. ശക്തമായ കാറ്റ് വാഹനത്തിന്റെ ദിശ പെട്ടെന്ന് മാറ്റാനിടയാകുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും. കാറിന്റെ ഡോറും വിൻഡോയും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു.
രാജ്യം അൽ സരായത് കാലത്തിലേക്ക് പ്രവേശിച്ചതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്ന കാലമാണ് പ്രാദേശികമായി അല്‍ സരായത് എന്നറിയപ്പെടുന്നത്. ക്ഷണനേരത്തില്‍ ആകാശം മേഘാവൃതമാകുകയും ഇടിമിന്നലോടു കൂടിയ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുകയും ചെയ്യുന്നതാണ് അല്‍ സരായത്തിന്റെ പ്രത്യേകത. വൈകുന്നേരത്തിനും രാത്രിക്കും ഇടയിലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകുക. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് തീവ്രതയേറും. മേയ് പകുതി വരെ അൽസരായത് കാലമാണ്.
Comments (0)