
ഖത്തറിൽ പെരുന്നാൾ അവധിക്കാലത്തിന് ഇന്ന് തുടക്കം; അറിയാം കൂടുതൽ
ദോഹ: ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി ഖത്തറിലെ സ്വദേശികളും താമസക്കാരും. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ ഈദ് അവധിക്കാലത്തേക്ക് പ്രവേശിച്ചതോടെ രാജ്യമെങ്ങും പെരുന്നാൾ ആവേശത്തിലായി. വാരാന്ത്യ അവധി ദിവസമായ വെള്ളി, ശനിക്കു പിന്നാലെ, മാർച്ച് 30 മുതൽ ഈദ് ഔദ്യോഗിക അവധിയിലേക്കും പ്രവേശിക്കും.
പെരുന്നാൾ തയാറെടുപ്പിലാണ് എല്ലായിടവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്കൂൾ അവധിയായതോടെ ഹ്രസ്വകാല അവധിക്ക് നാട്ടിലേക്ക് പോകുന്നവർ യാത്രയുടെ തിടുക്കത്തിലായി. ഷോപ്പിങ്ങുമായും കുടുംബങ്ങളും ബാച്ചിലേഴ്സും മാളിലും ഹൈപ്പർമാർക്കറ്റിലും തിരക്കിലായി. ഈദ് അവധികാലത്തെ അടിയന്തര സേവനങ്ങൾ സംബന്ധിച്ച ക്രമീകരണങ്ങൾ ആശുപത്രികൾ, ആഭ്യന്തര മന്ത്രാലയം എന്നിവരും പ്രഖ്യാപിച്ചു.പെരുന്നാൾ വെടിക്കെട്ട് കാണാം
ദോഹ: പെരുന്നാൾ ആഘോഷമെന്നാൽ ഖത്തറിലെ സ്വദേശികൾക്കും പ്രവാസികൾക്കും വെടിക്കെട്ടിന്റെ മായാകാഴ്ചകൾ കൂടി ചേർന്നതാണ്. ഇത്തവണയും പെരുന്നാളിന് മാറ്റുകൂട്ടാൻ വിവിധ ഇടങ്ങളിൽ വെടിക്കെട്ടുകളുണ്ട്. ഓൾഡ് ദോഹ പോർട്ട്, ലുസൈൽ ബോളെവാഡ്, മുശൈരിബ് തുടങ്ങി രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈദ് ആഘോഷത്തിനോട് അനുബന്ധിച്ചുള്ള പരിപാടികൾ പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രധാനമായും മൂന്ന് ഇടങ്ങളിലാണ് ഖത്തറിൽ വെടിക്കെട്ടുള്ളത്. അൽ ബിദ പാർക്കിൽ ചെറിയ പെരുന്നാൾ മുതൽ നാല് ദിവസമാണ് വെടിക്കെട്ട്. ദിവസവും രാത്രി എട്ട് മണിക്ക് ശബ്ദവും വർണവിസ്മയവുമായി കാഴ്ചകൾ കാണാം.
ലുസൈൽ ബോളെവാഡിൽ സ്കൈ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗംഭീര വെട്ടിക്കെട്ട് അരങ്ങേറും. ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെ വൈകീട്ട് നാല് മുതൽ 10 വരെയുള്ള സമയങ്ങളിലാകും വെടിക്കെട്ട്. ലുസൈൽ ബോളെവാഡിലെ അൽ സദ് പ്ലാസയാണ് വേദി. അൽ വക് ഓൾഡ് സൂഖിൽ ചെറിയ പെരുന്നാൾ മുതൽ നാല് ദിവസം വരെ വെടിക്കെട്ട് നടക്കും. രാത്രി എട്ട് മണിക്ക് വക്റ ഓൾഡ് സൂഖിലെ കടൽത്തീരത്താണ് വെടിക്കെട്ട്.ഈദ് നമസ്കാരം രാവിലെ 5.43ന് 690 നമസ്കാര കേന്ദ്രങ്ങൾ
ചെറിയ പെരുന്നാൾ നമസ്കാരം രാവിലെ 5.43ന് ആരംഭിക്കുമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളും ഈദ്ഗാഹുകളും ഉൾപ്പെടെ 690 സ്ഥലങ്ങൾ ഈദ് നമസ്കാരത്തിന് വേദിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാൾ ആഘോഷങ്ങൾക്കായി ഒരുക്കിയത്.
ലോകകപ്പ് ഫുട്ബാൾ വേദിയായ എജുക്കേഷൻ സിറ്റി സ്റ്റേഡിയം തുടർച്ചയായി മൂന്നാം തവണയും ഈദ് നമസ്കാരത്തിന് വേദിയാകും. ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഏരിയയിൽ വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് നേതൃത്വത്തിലും ഈദ് നമസ്കാരം സംഘടിപ്പിക്കും.മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശം
ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഔഖാഫിനു കീഴിലെ ചന്ദ്രമാസപ്പിറവി നിരീക്ഷണ കമ്മിറ്റി. റമദാൻ 29 പൂർത്തിയാകുന്ന മാർച്ച് 29 ശനിയാഴ്ച ഖത്തറിന്റെ മാനത്ത് ചന്ദ്രമാസപ്പിറവി ദൃശ്യമാകുന്നോ എന്ന് നിരീക്ഷിക്കാനാണ് നിർദേശം. മാസപ്പിറവി കാണുന്നവർ അൽ ദഫ്നയിലെ ഔഖാഫ് കാര്യാലയത്തിൽ വിവരം അറിയിക്കണം. മഗ് രിബ് നമസ്കാരാനന്തരം കമ്മിറ്റി യോഗം ചേർന്ന് മാസപ്പിറവി പ്രഖ്യാപിക്കും.ഹമദ് ആശുപത്രി പ്രവർത്തന സമയം
ദോഹ: ഈദ് അവധിക്കാലത്ത് വിവിധ വിഭാഗങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. എല്ലാ എമർജൻസി വിഭാഗം പതിവുപോലെ എല്ലാ ദിവസവും മുഴുസമയവും പ്രവർത്തിക്കും. ആംബുലൻസ് സർവിസ്, നസ്മക് 16060 കാൾസെന്റർ, 16000 ഗവൺമെന്റ് ഹെൽത്ത്കെയർ ഹോട് ലൈൻ എന്നിവ മുഴു സമയം പ്രവർത്തിക്കും.
എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾക്ക് മാർച്ച് 30 മുതൽ ഏപ്രിൽ അഞ്ച് വരെ അവധിയാണ്. ചില ക്ലിനിക്കുകൾ ആറ്, ഏഴ് തിയതികളിൽ സർവിസ് പുനരാരംഭിക്കുമ്പോൾ, ഏപ്രിൽ എട്ടോടെ മുഴുവൻ ഒ.പികളും തുറക്കും. ഫാർമസി ഹോം ഡെലിവറി സർവിസ്, നാഷനൽ മെന്റൽ ഹെൽത്ത് ഹെൽപ് ലൈൻ എന്നിവക്കും ഈദ് അവധി ബാധകമാണ്. ഖത്തർ ദേശീയ രക്തദാന കേന്ദ്രം പെരുന്നാളിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ അവധിയാണ്. ശേഷം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)