
ഈദ് അവധി: കർശന സുരക്ഷാക്രമീകരണങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ ∙ ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപം പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും. ഈദ് നമസ്ക്കാരം നടക്കുന്ന പള്ളികളിലും ഈദ് ഗാഹുകളിലും സുരക്ഷ നിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിങ് സ്ഥാപിക്കും.
ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് പട്രോളിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. പള്ളികൾക്കും ഈദ് പ്രാർഥനാ സ്ഥലങ്ങൾക്കും സമീപവും, റസിഡൻഷ്യൽ ഏരിയകൾ, വാണിജ്യ സമുച്ചയങ്ങൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലും പൊലീസ് പട്രോളിങ്ങിന്റെയും ട്രാഫിക് ഓഫിസർമാരുടെയും സാന്നിധ്യം വർധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
ഹൈവേകളിലും പ്രധാന റോഡുകളിലും ദിവസം മുഴുവൻ പട്രോളിങ് ഉണ്ടാകും. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിനോദ പരിപാടികളുടെ വേദികളിലും, കോർണിഷ്, ദി പേൾ ഐലൻഡ് തുടങ്ങിയ കൂടുതൽ പൊതുജന പങ്കാളിത്തമുള്ള പ്രദേശങ്ങളിലും പട്രോളിംഗും ട്രാഫിക് ഓഫിസർമാരും നിലയുറപ്പിക്കും. മത്സ്യത്തൊഴിലാളികൾ, വിനോദസഞ്ചാരികൾ, ജല കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ എന്നിവരുൾപ്പെടെയുള്ളവർക്ക് ആവശ്യമായ സഹായം നൽകുന്നതിന് ഡയറക്ടറേറ്റിന്റെ മറൈൻ പട്രോളിങ് 24 മണിക്കൂറും പ്രവർത്തിക്കും. സുരക്ഷിതമായ ഈദ് ആഘോഷം ഉറപ്പുവരുത്താൻ ശക്തമായ കരുതലുകൾ എടുത്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)