
ഖത്തറിൽ പെരുന്നാൾ ആഘോഷം; സുരക്ഷ ശക്തം
ദോഹ: പെരുന്നാളിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ ആഘോഷ വേളയിൽ ശക്തമായ സുരക്ഷ ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം. പെരുന്നാളിനും, തുടർ ദിവസങ്ങളിലെ അവധിക്കാലത്തും പൊതു ഇടങ്ങൾ, പാർക്കുകൾ, ആഘോഷ കേന്ദ്രങ്ങൾ, റോഡുകൾ തുടങ്ങി എല്ലായിടത്തും സുരക്ഷക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷ, സേവന വകുപ്പുകൾ നാഷനൽ കമാൻഡ് സെന്ററിൽ യോഗം ചേർന്ന് വിലയിരുത്തി. സ്വദേശികൾ, താമസക്കാർ, സന്ദർശകർ ഉൾപ്പെടെ എല്ലാവരുടെയും സുരക്ഷിതമായ പെരുന്നാൾ ആഘോഷം ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്തതായി നാഷനൽ കമാൻഡ് സെന്റർ (എൻ.സി.സി) മേധാവി ബ്രിഗേഡിയർ അലി മുഹമ്മദ് അൽ മുഹന്നദി അറിയിച്ചു.
ഏത് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി എൻ.സി.സിക്കു കീഴിൽ സെൻട്രൽ ഓപറേഷൻസ് ആൻഡ് ടെക്നിക്കൽ അഫയേഴ്സ് സംവിധാനങ്ങൾ വഴി 24 മണിക്കൂർ നിരീക്ഷണം തുടരും.
എൻ.സി.സി സ്റ്റാഫ്, ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ പരിശീലനം നേടിയ വിദഗ്ധ സംഘം തന്നെ എല്ലാ സംവിധാനങ്ങളും നിരീക്ഷിക്കാനായി സേവനത്തിനായുണ്ടാകും. എമർജൻസി സർവിസ് റൂം (999), എമർജൻസി സർവിസ് ഡഫ് ബ്രാഞ്ച് (992), കമാൻഡ് ആൻഡ് കൺട്രോൾ റൂം, സെക്യൂരിറ്റി ആൻഡ് ട്രാഫിക് സർവൈലൻസ് റൂം എന്നിവ ഉൾപ്പെടെയാണ് നിരീക്ഷണമൊരുക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റെസ്ക്യു പൊലീസ് (അൽഫാസ) പട്രോളിങ്ങുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് കേണൽ ശൈഖ് അലി ബിൻ ഹമദ് ആൽഥാനി അറിയിച്ചു.
അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ്ങിനെ ശക്തിപ്പെടുത്തുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് സമീപം പട്രോളിങ് സംവിധാനം ഏർപ്പെടുത്തും. ഈദ് നമസ്കാരം നടക്കുന്ന പള്ളികളും, ഈദ് ഗാഹുകളിലും സുരക്ഷനിലനിർത്തുന്നതിനും സഹായം നൽകുന്നതിനുമായി വിവിധ പ്രദേശങ്ങളിൽ പട്രോളിങ് സ്ഥാപിക്കും.
ഗതാഗത തിരക്ക് ഒഴിവാക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ ട്രാഫിക് പട്രോളിങ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)