
ഖത്തർ പ്രതിരോധത്തിന് കരുത്തായി അമേരിക്കയിൽ നിന്നും ഡ്രോണുകൾ
ദോഹ: ഖത്തറിന്റെ പ്രതിരോധ മേഖലയിൽ കരുത്തായി അമേരിക്കയിൽ നിന്നും എം.ക്യൂ നയൻ റീപ്പർ ഡ്രോണുകളെത്തുന്നു. 196 കോടി ഡോളറിന്റെ (ഏകദേശം 716 കോടി റിയാൽ) കരാർ പ്രകാരം ഡ്രോണുകൾ (ആളില്ലാ ചെറുവിമാനം) നൽകാനുള്ള തീരുമാനത്തിന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അംഗീകാരം നൽകി. യു.എസ് കോൺഗ്രസിന്റെ കൂടി അംഗീകാരം ലഭിക്കുന്നതോടെയാവും തുടർ നടപടികൾ പൂർത്തിയാകുന്നത്.
ഖത്തറിന്റെ പ്രതിരോധ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പാണ് എട്ട് പുതിയ ഡ്രോണുകൾ വാങ്ങുന്നത് സംബന്ധിച്ച കരാർ. മേഖലയിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ ഡ്രോൺ സാന്നിധ്യം പ്രയോജനപ്പെടും.ഇന്റലിജൻസ് നിരീക്ഷണം, രഹസ്യാന്വേഷണം, ലക്ഷ്യം ഏറ്റെടുക്കൽ, കൗണ്ടർ-ലാൻഡ്, കൗണ്ടർ-സർഫേസ് സമുദ്ര ശേഷി എന്നീ മേഖലകളിൽ മികച്ചു നിൽക്കുന്ന ഡ്രോണുകൾ പ്രതിരോധ ഭീഷണികളെ നേരിടാനുള്ള ഖത്തറിന്റെ ശേഷി മെച്ചപ്പെടുത്തുമെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
ജനറൽ ആറ്റമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ്, ലോക്ക്ഹീഡ് മാർട്ടിൻ, ആർ.ടി.എക്സ് കോർപറേഷൻ, ബോയിങ് എന്നിവരായിരിക്കും പ്രധാന കരാറുകാർ.
2020-2024 കാലയളവിൽ അമേരിക്കയിൽ നിന്ന് 42 യുദ്ധവിമാനങ്ങളും ബ്രിട്ടനിൽ നിന്ന് 31 യുദ്ധവിമാനങ്ങളും ഫ്രാൻസിൽ നിന്ന് 16 എണ്ണവും ഖത്തർ സ്വന്തമാക്കിയിരുന്നു. 2022ലെ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് പിന്നാലെ ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി ഉയർത്തിയിരുന്നു.
പ്രതിരോധ വ്യാപാരം, സുരക്ഷാ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ ഈ പദവി വലിയ ആനുകൂല്യങ്ങളാണ് നൽകുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)