
അറിഞ്ഞോ? ഇനി ചിത്രങ്ങൾ സേവ് ചെയ്യാനാവില്ല, സ്വകാര്യത ഉറപ്പാക്കും: പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സാപ്പ്
സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. സെൻസിറ്റീവായ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യുന്നത് തടയാനുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റ v25.10.10.70 അപ്‌ഡേറ്റിൽ, കമ്പനി ഒരു അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ അവതരിപ്പിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചർ ഓണാക്കിക്കഴിഞ്ഞാൽ, രണ്ട് വ്യക്തികൾ പരസ്പരം അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഗാലറിയിലേക്ക് ഡൗൺലോഡ് ആവില്ല. ചാറ്റ് ഹിസ്റ്ററി മറ്റൊരു ഡിവൈസിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാനും കഴിയില്ല. ഇത്തരത്തിൽ വ്യക്തികൾക്കിടയിലുള്ള പ്രൈവറ്റ് ചാറ്റുകൾ സംരക്ഷിക്കപ്പെടും. മീഡിയ ഫയൽ ഗാലറിയിലേക്ക് സേവ് ചെയ്യാൻ ശ്രമിച്ചാൽ ‘അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഓൺ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.
കുറച്ച് മാസങ്ങൾക്കുള്ളിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വിവരം. ആൻഡ്രോയ്ഡ് പതിപ്പിലേക്കും ഈ ഫീച്ചർ ലഭ്യമാകുമെന്ന് വിവരമുണ്ട്.
Comments (0)