Posted By christymariya Posted On

വ്യത്യസ്‌ത ഭാഷക്കാര്‍ക്കും ‘ഈസി’യായി ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്നവര്‍ തമ്മിലും ഇനി വാട്‌സ്ആപ്പ് ചാറ്റ് എളുപ്പമാകും. ആശയവിനിമയം സുഗമമാക്കുന്നതിന് മെസേജ് ട്രാന്‍സലേറ്റിങ് ഫീച്ചര്‍ കൊണ്ടുവരികയാണ് വാട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ട്. നമ്മുടെ ഭാഷയില്‍ ടൈപ്പ് ചെയ്യുന്ന മെസേജ്, സ്വീകര്‍ത്താവിന്‍റെ ഭാഷയിലേക്ക് സ്വയം വിവര്‍ത്തനം ചെയ്‌ത് തരുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ, ഇത്തരം മെസേജുകള്‍ അയക്കാന്‍ മറ്റൊരു വിവര്‍ത്തന ആപ്പിലേക്ക് പോയി വിവര്‍ത്തനം ചെയ്‌ത ശേഷം വാട്‌സ്ആപ്പില്‍ വന്ന് പേസ്‌റ്റ് ചെയ്യുകയാണ് ഏക മാര്‍ഗം. എന്നാല്‍ ഉപയോക്താക്കൾക്ക് ഉടൻ തന്നെ പുതിയ ഓട്ടോമാറ്റിക് ഓൺ-ഡിവൈസ് വിവർത്തന സന്ദേശ ഫീച്ചര്‍ ലഭിക്കും. ഇത് എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും (E2EE) ഉറപ്പാക്കും.

ട്രാന്‍ലേറ്റിങ് ഫീച്ചര്‍ കുറച്ചുകാലമായി വാട്‌സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. മെറ്റാ ഉടമസ്ഥതയിലുള്ള WABetaInfo എന്ന ആപ്ലിക്കേഷന്‍ ആൻഡ്രോയിഡ് 2.25.12.25-നുള്ള വാട്‌സ്ആപ്പ് ബീറ്റയിൽ പുതിയ സവിശേഷത പരീക്ഷിക്കാൻ തുടങ്ങിയതായി പറയുന്നു.

പുതിയ സവിശേഷത പ്രവർത്തനക്ഷമമായി കാണിക്കുന്ന സ്‌ക്രീൻഷോട്ടുകൾ WABetaInfo പങ്കുവച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യാനും സന്ദേശങ്ങൾ നേരിട്ട് ആപ്പിനുള്ളിൽ വിവർത്തനം ചെയ്യാനുമുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് നല്‍കുന്നത്. നിലവിൽ, സ്‌പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), റഷ്യൻ ഭാഷകളാണ് വാട്‌സ്ആപ്പ് വിവർത്തനം ചെയ്‌ത് പരീക്ഷിക്കുന്നത്.ഭാഷാ പായ്ക്ക് ഡൗൺലോഡ് ചെയ്‌ത ശേഷം ഉപയോക്താക്കൾ ചാറ്റ് ഇൻഫോ സ്‌ക്രീനിലേക്ക് പോയി സന്ദേശങ്ങൾ ഏത് ഭാഷയിലേക്ക് സ്വയമേവ വിവർത്തനം ചെയ്യണമെന്ന് വ്യക്തമാക്കാം. ഓരോ ചാറ്റിനും വ്യത്യസ്‌ത വിവർത്തന ക്രമീകരണങ്ങൾ ഏര്‍പ്പെടുത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഓരോ കോൺടാക്റ്റിനും വ്യത്യസ്‌ത വിവർത്തന ഭാഷ സെറ്റ് ചെയ്യാന്‍ കഴിയും.

ഇങ്ങോട്ട് വരുന്ന സന്ദേശങ്ങളുടെ ഭാഷ സ്വയമേവ കണ്ടെത്താന്‍ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഭാഷാ പായ്ക്ക് ഇൻസ്റ്റാൾ ചെയ്യാനും കഴിയുമെന്ന് റിപ്പോർട്ടുണ്ട്. ഈ ഫീച്ചര്‍ വരുന്നതോടെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പ് ചാറ്റ് അടക്കം സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവർത്തന ഫീച്ചര്‍ വാട്‌സ്ആപ്പ് ചാനലുകൾക്കും ലഭ്യമാണ്.

അതേസമയം വിവർത്തനത്തിന്‍റെ കൃത്യതയെപ്പറ്റിയുള്ള ആശങ്കയും ഉയരുന്നുണ്ട്. പരീക്ഷണ ഘട്ടം അവസാനിച്ചു കഴിഞ്ഞാൽ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *