expat ബിസിനസ് പൊളിഞ്ഞു, സാമ്പത്തിക പ്രതിസന്ധി, ശരീരം തളർത്തി ഹൃദ്രോഗം; ദുരിതത്തിനൊടുവിൽ 14 വർഷത്തിനുശേഷം യുഎഇയിൽ നിന്ന് പ്രവാസി മലയാളി നാടണഞ്ഞു
അജ്മാൻ: 14 വർഷത്തെ ദുരിതത്തിനും പ്രതിസന്ധിക്കും ശേഷം പ്രവാസി മലയാളി നാടണഞ്ഞു. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് യു.എ.ഇയിൽനിന്നും നാട്ടിലെത്തിയത്. യു.എ.ഇയിൽ നിരവധി സംരംഭങ്ങൾ നടത്തിയ ആളായിരുന്നു ഇദ്ദേഹം. ഇടയ്ക്ക് ബിസിനസിൽ വന്ന പ്രശ്നങ്ങൾ ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാക്കി. ഇതാണ് നാട്ടിലേക്ക് പോകാനുള്ള യാത്രയ്ക്ക് തടസ്സമായത്. പിന്നീട് ഇതിന് പിന്നാലെ കൊവിഡ് കൂടി വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. അഞ്ചുവർഷത്തിലേറെയായി ഇദ്ദേഹത്തിൻറെ വിസ കാലാവധി കഴിഞ്ഞിരുന്നു. ആ വകയിൽ തന്നെ ഒരു 1,24,000ത്തിലേറെ ദിർഹം പിഴയും വന്നു. ഇതോടെ പ്രതിസന്ധി ഇരട്ടിയായി. ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം നാട്ടിൽ പോകുന്നതിന് നിരവധി പേരെ സമീപിച്ചു നോക്കി. എന്നാൽ അവിടെയെല്ലാം നിരാശയായിരുന്നു ഫലം. ഇതിനിടെ ശരീരം തളർത്തിക്കൊണ്ട് ഹൃദ്രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നാട്ടിൽ പോയി തുടർ ചികിത്സക്ക് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചെങ്കിലും കഴിയാത്ത രൂപത്തിൽ പ്രയാസത്തിലായെന്ന് ഇദ്ദേഹം പറയുന്നു. ഉമ്മുൽഖുവൈനിൽ നടത്തിയിരുന്ന ഭക്ഷണശാല കോവിഡ് വന്നതോടെ ആളുകളിൽ നിന്ന് പണം ലഭിക്കാതെ വലിയ പ്രതിസന്ധിയിലായി. ഇതോടെ കടബാധ്യത ഏറിയപ്പോൾ ആത്മഹത്യയെ പറ്റി വരെ ചിന്തിച്ചു. അവസാന ശ്രമമെന്ന നിലയിലാണ് ഈ 54കാരൻ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുമായി ബന്ധപ്പെട്ടത്. അഷ്റഫ് താമരശ്ശേരിയുടെ ഇടപെടലിൽ ചെറിയ തുക അടച്ച് ഔട്ട് പാസ് ലഭിക്കുകയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. വിവിധ വകുപ്പുകളിലെ സ്വദേശികളായ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് വിഷയത്തിൽ പരിഹാരം കാണാൻ കഴിഞ്ഞതെന്ന് അഷ്റഫ് താമരശ്ശേരി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ
Comments (0)