കുടുംബം നിരസിച്ച യുഎഇ പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹം സുഹൃത്ത് സഫിയയ്ക്ക് വിട്ടുനല്‍കി
ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം സഫിയക്ക് വിട്ടു നല്‍കി. മൃതദേഹവുമായി സഫിയ എറണാകുളത്തേക്ക് തിരിച്ചു. മൃതദേഹം എവിടെ സംസ്‌കരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് സഫിയ പറഞ്ഞു. വിവാഹമോചനം നടക്കാത്തതിനാല്‍ ജയകുമാര്‍ മനോവിഷമത്തിലായിരുന്നെന്നും സഫിയ പറഞ്ഞു. വിവാഹിതനായ ജയകുമാര്‍ സഫിയയുമൊത്തു കഴിഞ്ഞ നാല് വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു.
ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മൃതദേഹം ജയകുമാറിന്റെ സുഹൃത്തായ സഫിയക്ക് വിട്ടുനല്‍കിയത്. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നായിരുന്നു അമ്മ പ്രസന്നകുമാരിയുടെ ആരോപണം.
ഏഴ് ദിവസം മുന്‍പാണ് ഗള്‍ഫില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാര്‍ ആത്മഹത്യ ചെയ്തത്. ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല എന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തി. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കള്‍ ഏറ്റെടുക്കണം എന്നായിരുന്നു സഫിയയുടെ ആവശ്യം. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല.
മരിച്ച ജയകുമാര്‍ ഭാര്യയില്‍ നിന്ന് വിവാഹമോചനത്തിനായി കേസ് നല്‍കിയിരുന്നു. മൂന്നു വര്‍ഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ജയകുമാര്‍ സുഹൃത്തായ സഫിയക്കൊപ്പം താമസം തുടങ്ങിയത്. ജോലിക്കായി വീണ്ടും ഗള്‍ഫിലേക്ക് പോയതിനിടെയാണ് അപ്രതീക്ഷിതമായ ആത്മഹത്യ.
ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാര്‍ മരിച്ചതെന്നു വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവര്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതാണു നല്ലതെന്നും ബന്ധുക്കള്‍ നിലപാടെടുത്തു.
ദുബൈയില്‍വച്ച് ജയകുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. വീടുമായി യാതൊരു ബന്ധവും വര്‍ഷങ്ങളായി സൂക്ഷിക്കാത്തയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണ സര്‍ടിഫികറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ പൊലീസിന്റെ എന്‍ഒസി ലഭിക്കാതെ സുഹൃത്തുക്കള്‍ക്ക് മൃതദേഹം സംസ്‌കരിക്കാനും നിര്‍വാഹമില്ലായിരുന്നു. തുടര്‍ന്നാണ് പൊലീസ് കുടുംബവുമായി സംസാരിച്ച് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ചത്.
ഇതിനായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും നടപടികള്‍ വൈകി. ഇതോടെ അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എന്‍ഒസി നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എന്‍ഒസി നല്‍കുന്നതില്‍ തടസം ഉന്നയിച്ചു. ഇതേത്തുടര്‍ന്നാണ് മൃതദേഹവുമായി സുഹൃത്തുക്കള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കു പോയത്.
ദുബൈയിലെ നടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ചെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം ആലുവയില്‍ സംസ്‌കാരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഇതിന് പൊലീസിന്റെ എന്‍ഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ആലുവയില്‍ സംസ്‌കരിക്കുന്നതിലെ നിയമപ്രശ്‌നങ്ങള്‍ നിമിത്തമാണ് പൊലീസിന്റെ എന്‍ഒസി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ👆👆
Comments (0)