സ്കൂൾ ബസ്സിൽ മലയാളി ബാലിക കൊടും ചൂടിൽ മരിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലെന്ന് സൂചന
ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി മലയാളി ബാലിക മിൻസാ മറിയം ജേക്കബ് കൊടുംചൂടിൽ മരിച്ച സംഭവത്തിൽ മൂന്ന് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അൽ അൽ നു ഐമി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
സംഭവം നടന്ന ഞായറാഴ്ച തന്നെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും പരിശോധനയിൽ സഹകരിക്കുന്നു. അസാധാരണ സംഭവം ആയതിനാൽ വിശദമായ മെഡിക്കൽ പരിശോധനയാണ് നടന്നത്. ഇതിന്റെ ഫലവും തുടർന്ന് കോടതി അനുമതിയും ലഭിച്ചശേഷമാകും മൃതദേഹം വിട്ടുകിട്ടുകയെന്നു ബന്ധുക്കൾ അറിയിച്ചു. സ്വദേശമായ ചിങ്ങവനത്താണു സംസ്കാരം.
അതിനിടെ, സംഭവത്തിൽ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേർ ഖത്തറിൽ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്ന കുറിപ്പുകളാണു സമൂഹമാധ്യമങ്ങളിൽ എങ്ങും. അൽ വക്ര സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടനിലെ കെജി വൺ വിദ്യാർഥിനിയായ മിൻസ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോകുകയായിരുന്നു.
ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസ് എടുത്തപ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടത്. കനത്ത ചൂടിൽ ബസിനുള്ളിൽ മണിക്കൂറുകളോളം കഴിഞ്ഞ മിൻസയുടെ ജീവൻ രക്ഷിക്കാനായില്ല. ഖത്തർ ലോകകപ്പ് സമിതിയിലെ സീനിയർ ഗ്രാഫിക് ഡിസൈനർ ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിൻസ. സഹോദരി എംഇഎസ് ഇന്ത്യൻ സ്‌കൂൾ 2-ാം ക്ലാസ് വിദ്യാർഥി മീഖ മറിയം ജേക്കബ്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv
Comments (0)