ഷാർജ വിമാനത്താവളത്തിൽ വേനൽക്കാല യാത്രക്കാർ 40 ലക്ഷം കവിയും: എയർപോർട്ട് അതോറിറ്റി
ഷാർജ∙ രാജ്യാന്തര വിമാനത്താവളത്തിൽ വേനൽക്കാല യാത്രക്കാർ 40 ലക്ഷം കവിയുമെന്നു ഷാർജ എയർപോർട്ട് അതോറിറ്റി. സ്മാർട് ഗേറ്റുകൾ ഉപയോഗിച്ചു തിരക്ക് കുറയ്ക്കുന്നത് അടക്കമുള്ള സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയതായി എയർപോർട്ട് അതോറിറ്റി മേധാവി അലി സാലിം അൽ മിദ്ഫ അറിയിച്ചു.
പ്രതിവർഷം 80 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷാർജ വിമാനത്താവളം. ഇത് രണ്ടര കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ സൗകര്യങ്ങളുടെ വിപുലീകരണം ഷാർജ വിമാനത്താവളത്തിൽ തുടങ്ങി. മൊത്തം 2400 കോടി ദിർഹത്തിന്റെയാണ് വികസന പരിപാടികൾ. അറൈവൽ, ഡിപ്പാർച്ചർ ലോഞ്ചുകൾ നവീകരിക്കും. പുതിയ 4 കവാടങ്ങൾ കൂടി നിർമിക്കുന്നുണ്ട്.
യാത്രാ വിമാനങ്ങൾക്കുള്ള 12 പാർക്കിങ് ലോട്ടുകളുടെ നിർമാണം പൂർത്തിയായി. അതോറിറ്റിയുടെ അന്തിമ അനുമതിയാകുന്നതോടെ ഇതു തുറന്നുകൊടുക്കും. പ്രതിദിനം 290 സർവീസുകൾ ഷാർജയിൽ വന്നു പോകുന്നുണ്ട്. ഒരേ സമയം 16 സർവീസുകൾ വന്നു പോകുന്നു. യാത്രക്കാർക്ക് 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിച്ചു. വിമാനത്താവള വിപുലീകരണം പൂർത്തിയാകുന്നതോടെ കാർഗോ വിമാനങ്ങളുടെ സർവീസും കൂടുമെന്നാണ് അതോറിറ്റിയുടെ അറിയിപ്പ്.
2022 ൽ 1.70 ലക്ഷം ടൺ ചരക്കു നീക്കമാണ് നടന്നത്. 1.3 കോടി യാത്രക്കാരും ഷാർജ വിമാനത്താവളത്തിൽ വന്നു പോയി. ഷാർജ വിമാനത്താവളത്തോട് അനുബന്ധിച്ച് 147 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇതു 397 ആയി ഉയരും. വിമാനത്താവള വിപുലീകരണ പദ്ധതികളിലാണ് വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടുത്തിയിട്ടുള്ളത്. 8 പേ പാർക്കിങ് മെഷീൻ സൗകര്യവും പുതുതായുണ്ടാകും.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)