യുഎഇ; ഇത്തിസലാത്ത് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്
യുഎഇയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഇത്തിസാലാത്ത് ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്. കമ്പനിയുടെ പേരിലെന്ന വ്യാജേന പ്രത്യേക ഇ-മെയിൽ അയച്ചാണ് തട്ടിപ്പ്. ഇതിനായി ഇത്തിസാലാത്തിന്റെ ലോഗോയും സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്നുണ്ട്. ‘നിങ്ങൾ വിശ്വസ്തരായ ഉപഭോക്താവയതിനാൽ 220 ദിർഹം തിരികെ നൽകുന്നുവെന്ന ഉള്ളടക്കത്തോടെയുള്ള ഇ-മെയിലുകളാണ് പലർക്കും ലഭിച്ചത്. കാർഡിലേക്ക് പണം തിരികെ നിക്ഷേപിക്കുന്നതിനായി ലിങ്കിൽ ക്ലിക് ചെയ്ത് അപേക്ഷ സമർപ്പിക്കാനാണ് ഇ-മെയിലിലെ നിർദേശം. തട്ടിപ്പ് വിശ്വസിപ്പിക്കാനായി ഇത്തിസാലാത്തിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസം വ്യാജമായി നിർമിച്ചിരുന്നു. സംശയം തോന്നിയ ഒരു ഉപഭോക്താവ് ഇത്തിസാലാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തുടർന്ന് അജ്ഞാതമായ ഉറവിടങ്ങളിൽനിന്നുള്ള ഇത്തരം ഇ-മെയിൽ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്ന് കമ്പനി ട്വിറ്ററിലൂടെ അഭ്യർഥിച്ചു. ഇ-മെയിലിന്റെ സ്പെല്ലിങ്ങുകളിൽ ചെറിയ വ്യത്യാസം ശ്രദ്ധിച്ചാൽ തട്ടിപ്പ് ബോധ്യമാകുമെന്നും കമ്പനി അറിയിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമിലൂടെ പരാതി നൽകാം. 2021ൽ രാജ്യത്ത് 25,841 പേരാണ് സൈബർ പ്ലാറ്റ് ഫോം വഴി തട്ടിപ്പുകൾ റിപ്പോർട്ടു ചെയ്തത്. സൈബർ തട്ടിപ്പുകൾ പിടിക്കപ്പെട്ടാൽ 2.5 ലക്ഷം ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെയാണ് പിഴ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)