കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഫുജൈറയിൽ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദാണ് (38) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദിബ്ബയിലായിരുന്നു സംഭവം. ഫുജൈറ അൽ അൻസാരി എക്സ്ചേഞ്ചിലെ ജീവനക്കാരനാണ് നൗഷാദ്. അവധിയായതിനാൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ നീന്തുന്നതിനിടെ ശക്തമായ തിരയിൽ അകപ്പെട്ട നൗഷാദിന്റെ തല ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളിൽ ഇടിക്കുകയായിരുന്നു.തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആറുവർഷമായി പ്രവാസിയാണ് നൗഷാദ്. ഭാര്യ: അർഷ നൗഷാദ്. മകൾ: ഐറ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)