മയക്കുമരുന്ന് കേസിൽ യുഎഇയിൽ ജയിലിൽ കഴിഞ്ഞ ഇന്ത്യൻ നടി നാട്ടിലെത്തി
മയക്കുമരുന്ന് കൈവശംവെച്ചെന്ന കേസിൽ ഷാർജ കോടതി കുറ്റമുക്തയാക്കിയ മുംബൈയിലെ നടി ക്രിസൻ പെരേര നാട്ടിലെത്തി. ക്രിസനെതിരായ എല്ലാ കേസുകളിലും നിരപരാധിയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ അധികൃതർ യാത്രാവിലക്ക് നീക്കിയതോടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ ക്രിസനെ ബന്ധുക്കൾ ചേർന്ന് സ്വീകരിച്ചു. മുംബൈയിലുള്ള രണ്ടു പേർ ചേർന്ന് ചതിയിലൂടെ ക്രിസനെ കേസിൽ കുടുക്കുകയായിരുന്നു. യുഎഇയിലുള്ള ഒരാൾക്ക് കൈമാറാൻ ആവശ്യപ്പെട്ട് നൽകിയ മെമന്റോയ്ക്കുള്ളിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിനാണ് ഷാർജ വിമാനത്താവളത്തിൽ നിന്ന് പെരേരയെ പിടികൂടിയത്. ഷാർജയിൽ ജയിലിൽ കഴിയവേ, മുംബൈ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കേസിൽ കുടുക്കിയതായി കണ്ടെത്തിയത്. കേസിൽ കുടുക്കപ്പെട്ട് 27 ദിവസമാണ് യുഎഇ ജയിലിൽ നടി കഴിഞ്ഞത്. മൂന്നാഴ്ചയിലധികം ജയിലിൽ കഴിഞ്ഞശേഷം ഏപ്രിൽ 28ന് ജാമ്യം ലഭിച്ചെങ്കിലും യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)