കനത്ത മഴ: ഷാർജയിൽ പാർക്കുകൾ അടച്ചു
ഷാര്‍ജ: കനത്ത മഴയും കൊടുങ്കാറ്റും അസ്ഥിര കാലാവസ്ഥയും കണക്കിലെടുത്ത് ഷാർജയിലെ പൊതു പാർക്കുകൾ താൽക്കാലികമായി അടയ്ക്കാൻ മുനിസിപ്പാലിറ്റി തീരുമാനിച്ചു. മഴ ഭീഷണി ഒഴിഞ്ഞ ശേഷമേ പാർക്കുകൾ തുറക്കു. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. നിർമാണ മേഖലയിലെ ജീവനക്കാർക്ക് സുരക്ഷയൊരുക്കാൻ എൻജിനീയർമാർക്കും കരാറുകാർക്കും മുനിസിപ്പാലിറ്റി നിർദേശം നൽകി. വാഹന യാത്രക്കാർ ട്രാഫിക് സിഗ്നലുകൾ പാലിക്കണം. മുന്നിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിച്ചു മാത്രമേ യാത്ര ചെയ്യാവു. ഏതു സാഹചര്യത്തെയും നേരിടാൻ ദുരന്ത നിവാരണ സംഘം തയാറാണ്. 993 എന്ന നമ്പരിൽ പൊതുജനങ്ങൾക്ക് സഹായം ആവശ്യപ്പെടാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
അതേസമയം ദുബായില്‍ അതിശക്തമായ കാറ്റും ആലിപ്പഴം പെയ്ത്തുമായി തകർപ്പൻ മഴ. ശക്തമായ കാറ്റിൽ കടകളുടെ ബ്രാൻഡ് ബോർഡുകളും ഫ്ലാറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഡിഷ് ആന്റിനകളും അടക്കം നശിച്ചു. മരങ്ങൾ കടപുഴകി. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് കാറ്റടിച്ചത്. അടുത്തയിടെ ഉണ്ടായതിൽ ഏറ്റവും ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ വീശിയടിച്ചത്. വൈകുന്നേരത്തോടെ താപനിലയിൽ കുറവുണ്ടായി. കരാമ, കുദ്ര, ബർഷ, ഊദ്മേത്ത, ദുബായ് ഹിൽസ്, അൽഖൂസ്, എമിേററ്റ്സ് റോഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജാഗ്രത വേണം
∙ മഴയിൽ യാത്ര ചെയ്യുമ്പോൾ വാഹനങ്ങൾ ഹെഡ് ലൈറ്റ് ഇടണം.
∙ കനത്ത പൊടിക്കാറ്റ് അടിക്കുന്നതിനാൽ വാഹനത്തിന്റെ വേഗം പരമാവധി കുറച്ചു മാത്രമേ ലെയ്നുകൾ മാറാൻ പാടുള്ളു.
∙ പൊടിക്കാറ്റ് അടിക്കുമ്പോൾ വാഹനങ്ങളുടെ ചില്ലുകൾ താഴ്ത്തരുത്.
∙ റോഡിലെ കാഴ്ച മറയുമ്പോൾ വാഹനങ്ങൾ വേഗം കുറച്ച് മുന്നിലെ വാഹനവുമായി അകലം പാലിക്കണം.
∙ കാഴ്ച കാണാനോ ശ്രദ്ധ മാറ്റാനോ ശ്രമിക്കരുത്. വാഹനം നീങ്ങുമ്പോൾ മുന്നിലെ റോഡിൽ മാത്രമായിരിക്കണം. ശ്രദ്ധ.
∙ ബൈക്ക്, സൈക്കിൾ, കാൽനട യാത്രക്കാർക്ക് പരിഗണന നൽകണം.
∙ ബ്രേക്ക് ചെയ്യാനുള്ള ദൂരം മുന്നിലെ വാഹനവുമായി ഉണ്ടെന്ന് ഉറപ്പാക്കണം.
∙ റേഡിയോകളിലെ ട്രാഫിക് നിർദേശങ്ങളും റോഡിലെ ട്രാഫിക് സൈനുകളും ശ്രദ്ധിക്കണം.
∙ കൂടെ യാത്ര ചെയ്യുന്നവരുണ്ടെങ്കിൽ അവരോടും റോഡിലെ തടസ്സങ്ങൾ ശ്രദ്ധിക്കാൻ ആവശ്യപ്പെടാം.
∙ തീർത്തും കാഴ്ച ലഭിക്കുന്നില്ലെങ്കിൽ വാഹനം സമീപത്തെ പെട്രോൾ പമ്പിലേക്കോ വിശ്രമ കേന്ദ്രത്തിലേക്കോ മാറ്റണം.
Comments (0)