യുഎഇയിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി ഇനി ഓൺലൈനായി അപേക്ഷിക്കാൻ അനുമതി
ഘടനാപരമായ വലിയ മാറ്റങ്ങൾ ഒഴികെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി ഓൺലൈൻ സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി. കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി പെർമിറ്റ് നേടുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധന ഇതോടെ ഇല്ലാതാകും. ഭൂവുടമകൾ, കരാറുകാർ, കൺസൽട്ടിങ് ഏജൻസികൾ, എൻജിനീയറിങ് സ്ഥാപനങ്ങൾ എന്നിവർക്കാണ് പുതിയ സേവനം ലഭ്യമാകുക. ദുബൈ ബിൽഡിങ് പെർമിറ്റ് സംവിധാനത്തിൽ (ബി.പി.എസ്) രജിസ്റ്റർ ചെയ്ത 1000 സംരംഭകർക്കായിരിക്കും നിലവിൽ അവസരം. കെട്ടിടങ്ങളുടെ സ്വയംപരിപാലന പെർമിറ്റിനായി മുനിസിപ്പാലിറ്റിയുടെ https://hub.dm.gov.ae/link/servicedetails_ar?servicecode=3413 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. ലളിതമായ അറ്റകുറ്റപ്പണികൾ, സ്വയം പരിപാലനം, പ്രത്യേക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പെർമിറ്റ് അനുവദിക്കുക. തറയിലെ മാറ്റം, പെയിന്റിങ്, ഇന്റീരിയർ ആൻഡ് എക്സ്റ്റീരിയർ എന്നിവ ഉൾപ്പെടെ ഘടനാപരമല്ലാത്ത കേടുപാടുകൾ തീർക്കുന്നതിന് മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന പുതിയ സംവിധാനം വരുന്നതോടെ ഒഴിവാകും.
ഉപഭോക്താക്കൾക്ക് സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ് പെർമിറ്റ് ഡിപ്പാർട്മെന്റ് എൻജിനീയർ ലയാലി അബ്ദുറഹ്മാൻ അൽ മുല്ല പറഞ്ഞു.
പൊതുജനങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെലവ് കുറക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നിർമാണ മേഖലയുടെ വികസനത്തിനും വിപുലീകരണത്തിനും സഹായിക്കുന്ന ഏറ്റവും മികച്ച സംവിധാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിൽ. എമിറേറ്റിലെ നിർമാണ മേഖലയുടെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഇത്തരം സേവനങ്ങൾവഴി സാധിക്കുമെന്ന് കരുതുന്നതായും അബ്ദുറഹ്മാൻ അൽ മുല്ല കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)