സുഹൃത്ത് ചതിച്ചു; കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ
നജ്റാനിൽനിന്ന് റിയാദിലെത്തി മൂന്നാഴ്ച മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം സൗദിയിലെ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ജൂലൈ 25ന് നജ്റാനിൽ നിന്ന് റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ശേഷം കാണാതായ കന്യാകുമാരിയിലെ ജോൺ സേവ്യറിന്റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയില്‍ കണ്ടെത്തിയത്. ജൂലൈ 29ന് മരിച്ചതായാണ് പൊലീസ് രേഖകളിൽ പറയുന്നത്. അസീസിയ ബസ് സ്റ്റേഷന് സമീപമുള്ള റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ എംബസിക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ മോർച്ചറിയിലെത്തി തിരിച്ചറിയുകയായിരുന്നു. 2022 ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യത വന്നുചേരുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതോടെ വലിയ മാനസിക പ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്റ്റാൻഡിൽനിന്ന് നാട്ടിലുള്ള മകനെ വിളിച്ച്, റിയാദിലേയ്ക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നു ആരോപിച്ചിരുന്നുവത്രെ. ഇതാണ് ജോണ്‍ സേവ്യറിനെക്കുറിച്ചുണ്ടായിരുന്നു ഒടുവിലത്തെ വിവരം.
തുടർന്ന് സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക അന്വേഷണം തുടരുകയായിരുന്നു. ഇതിനിടയിലാണ് എംബസിയിൽ വിവരം ലഭിക്കുന്നതും മോർച്ചറിയിൽ മൃതദേഹം കണ്ടെത്തുന്നതും. തുടർ നിയമ നടപടികൾക്ക് സാമൂഹിക പ്രവർത്തകർ നേതൃത്വം നൽകുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)