കള്ളപ്പണം തടയുന്നതിൽ വീഴ്ച: യുഎഇയിൽ 50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി
ദുബൈ: രാജ്യത്ത് കള്ളപ്പണം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം സർക്കാർ റദ്ദാക്കി. മൂന്നു മാസത്തേക്കാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തത്. ചട്ടം ലംഘിച്ച 225 സ്ഥാപനങ്ങൾക്ക് മന്ത്രാലയം വൻതുക പിഴ ചുമത്തുകയും ചെയ്തു.കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യു.എ.ഇ ഫിനാൻഷ്യൽ ഇൻറലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന goAML സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് സാമ്പത്തിക മന്ത്രാലയം നിർത്തിവെപ്പിച്ചത്. സംശയകരമായ ഇടപാടുകൾ ഫിനാൻഷ്യൽ ഇൻറലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ചെയ്യുന്ന സംവിധാനമാണ് goAML. സാമ്പത്തിക മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഈ സംവിധാനം ഒരുക്കുന്നതിൽ 50 സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവയെ നേരിടുന്നതിന് ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 225 സ്ഥാപനങ്ങളിലായി മൊത്തം 76.9 ദശലക്ഷം ദിർഹമിൻറെ പിഴയാണ് ചുമത്തിയിരിക്കുന്നത്.കള്ളപ്പണം, ഭീകരവാദ ഫണ്ടിങ് തുടങ്ങിയവക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കർശന നടപടികളാണ് യു.എ.ഇ സ്വീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിലും ഭീകരവാദ ഫണ്ടിങ് റിപ്പോർട്ട് ചെയ്യുന്നതിലും പരാജയപ്പെട്ട 29 സാമ്പത്തിക ഇതര സ്ഥാപനങ്ങൾക്കെതിരെ ഈ മാസം 10ന് 22.6 ദശലക്ഷം ദിർഹം മന്ത്രാലയം പിഴ ചുമത്തിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)