യുഎഇ; യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയി; വാൻ ഡ്രൈവർ പിടിയിൽ
യുഎഇയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ട് നിർത്താതെപോയ വാൻ ഡ്രൈവറെ മൂന്ന് മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. 24കാരനായ ഏഷ്യൻ വംശജനാണ് പിടിയിലായത്. 27കാരനാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി 10 മണിയോടെ അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ഇടിച്ചിട്ടശേഷം ഡ്രൈവർ വാഹനവുമായി കടന്നുകളയുകയായിരുന്നു.
പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയാണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബർദുബൈ പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ അബ്ദുൽ മുനീം അബ്ദുൽ റഹ്മാൻ മുഹമ്മദ് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ അപകടം വരുത്തിയ വാഹനത്തിന്റെ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞു. ഉപേക്ഷിച്ചനിലയിലായിരുന്നു വാഹനം. പിന്നാലെ നടത്തിയ തിരച്ചിലിലാണ് രാജ്യം വിടാനൊരുങ്ങിയ പ്രതിയെ പിടികൂടിയത്. അനുവദിച്ച സ്ഥലങ്ങളിൽ അല്ലാതെ കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് കേണൽ അബ്ദുൽ മുനീം പറഞ്ഞു. റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നൽകാനുള്ള ഉത്തരവാദിത്തം ഡ്രൈവർമാരും കാണിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)