യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഞായറാഴ്ച്ച ഭൂമിയിൽ തിരിച്ചെത്തും
യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ദൈർഘ്യമേറിയ ബഹിരാകാശദൗത്യം പൂർത്തിയാക്കി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തും. വെള്ളിയാഴ്ച തിരിച്ചെത്തും എന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര 2 ദിവസം കൂടി വൈകിക്കുകയായിരുന്നു. 6 മാസത്തെ ദൗത്യത്തിനായി അൽ നെയാദി ഉൾപ്പെട്ട നാലംഗ ക്രൂ–6 സംഘം കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തിയത്. കൂടുതൽ കാലം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ച, സ്പേസ് വോക്ക് നടത്തിയ ആദ്യ അറബ് പൗരൻ എന്നീ റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് നെയാദിയുടെ മടക്കം.
ക്രൂ–6 സംഘം ശനിയാഴ്ച തിരിക്കുമെന്നും 17 മണിക്കൂറും 38 മിനിറ്റും പിന്നിട്ട് ഞായറാഴ്ച രാവിലെ യുഎഇ സമയം 8.58ന് പേടകം ഫ്ലോറിഡ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നാസ അറിയിച്ചു. ക്രൂ–6ന് പൂർത്തിയാക്കാനാവാത്ത ജോലികൾ കഴിഞ്ഞ ദിവസം ബഹിരാകാശ നിലയത്തിൽ എത്തിയ ക്രൂ–7നെ ഏൽപിച്ചാണ് സംഘം ഭൂമിയിലേക്ക് മടങ്ങുക. ഇതിനു മുന്നോടിയായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ സംഘത്തിനു ഇന്നു രാത്രി യുഎഇ സമയം 9.30ന് യാത്രയയപ്പു നൽകും. ക്രൂ –6ൽ നെയാദിക്കൊപ്പം ഉണ്ടായിരുന്ന സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് (യുഎസ്), ആന്ദ്രേ ഫെഡ് യാവേവ് (റഷ്യ) എന്നിവരും മടങ്ങും.
നാസയിലെ മറ്റു ശാസ്ത്രജ്ഞർക്കൊപ്പം 200ലേറെ പരീക്ഷണങ്ങളിൽ സുൽത്താൻ പങ്കാളിയായി. യുഎഇ സർവകലാശാലകൾക്കു വേണ്ടി 19 പരീക്ഷണങ്ങളും ഇതിൽ ഉൾപ്പെടും. ഗുരുത്വാകർഷണം കുറഞ്ഞ സാഹചര്യത്തിൽ ഹൃദയത്തിന്റെ പ്രവർത്തനം എങ്ങനെ എന്നതായിരുന്നു പ്രധാന പരീക്ഷണം.
ഹൃദ്രോഗ ചികിത്സാ രംഗത്ത് ഏറെ ഗുണം ചെയ്യുന്നതായിരുന്നു ഈ പരീക്ഷണം.ബഹിരാകാശ യാത്രയിലെ സമ്മർദങ്ങൾ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിക്കുന്ന ഫങ്ഷനൽ ഇമ്മ്യൂൺ ടെസ്റ്റ്, അണുബാധയ്ക്കെതിരെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് എന്നിവയ്ക്കു പുറമെ ഹൃദയധമനികൾ, എപിജെനെറ്റിക്സ്, സസ്യ ജീവശാസ്ത്രം, റേഡിയേഷൻ, രോഗപ്രതിരോധ സംവിധാനം, മെറ്റീരിയൽ സയൻസ്, ഉറക്ക വിശകലനം, നടുവേദന, സാങ്കേതിക പ്രദർശനം തുടങ്ങിയവയായിരുന്നു മറ്റു പ്രധാന പരീക്ഷണങ്ങൾ. കൂടാതെ ബഹിരാകാശത്തുനിന്ന് വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത രാജ്യങ്ങളിലെ 10,000ത്തിലേറെ പേരുമായി സംവദിക്കുകയും ചെയ്തു.
തിരിച്ചെത്തിയാൽ ഭൂമിയിലെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതുവരെ നാസയിലെ വിവിധ പരീക്ഷണങ്ങൾക്കു വിധേയമാകും. അതിനുശേഷമാകും യുഎഇയിൽ എത്തുക. ചരിത്രം സൃഷ്ടിച്ച് തിരിച്ചെത്തുന്ന സുൽത്താൻ അൽ നെയാദിക്കു വൻ സ്വീകരണമാണ് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. മടക്കയാത്രയുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)