ബഹിരാകാശത്ത് 4400 മണിക്കൂർ ചെലവഴിച്ചു, ഇരുനൂറിലേറെ പരീക്ഷണങ്ങൾ; മണിക്കൂറുകൾ നീണ്ട സ്പേയ്സ് വാക്ക്: യുഎഇയുടെ അൽ നെയാദി ഇനി 14 ദിവസം ഹൂസ്റ്റണിൽ
ദുബായ് ∙ ആറുമാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തിയ യുഎഇയുടെ സുൽത്താൻ അൽ നെയാദി ഹൂസ്റ്റണിൽ രണ്ടാഴ്ച ചെലവഴിച്ച ശേഷമേ യുഎഇയിലേക്ക് വരികയുള്ളൂ. തിങ്കളാഴ്ച നാസ നടത്തിയ ടെലി കോൺഫറൻസിൽ യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം മിഷൻ മാനേജർ സ്പേസ് ഓപറേഷൻസ് ആൻഡ് എക്സ്പ്ലോറേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അദ്നാൻ അൽറൈസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിലെ ജാക്സൺവില്ല തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിൽ സുൽത്താൻ അൽ നെയാദിയും സംഘവും ഇന്ന് രാവിലെ യുഎഇ സമയം 8.17ന് വന്നിറങ്ങി. ബഹിരാകാശനിലയത്തിൽ നിന്ന് പുറപ്പെട്ട് പതിനേഴ് മണിക്കൂറുകൾക്ക് ശേഷമാണ് നാലംഗ സംഘം നിലംതൊട്ടത്. നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകിയായിരുന്നു ഇത്. അൽ നെയാദി ഏകദേശം 14 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കുമെന്നും. അതിനുശേഷം അദ്ദേഹം ഒരാഴ്ചത്തേക്ക് യുഎഇയിൽ തിരിച്ചെത്തുമെന്നും ഭൂമിയിലേക്കുള്ള വിജയകരമായ തിരിച്ചുവരവിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്നാൻ അൽറൈസ് പറഞ്ഞു. തുടർന്ന്, കൂടുതൽ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം വീണ്ടും ഹൂസ്റ്റണിലെത്തും. അൽ നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇയ്ക്ക് അഭിമാനമായി മാറിയപ്പോൾ ‘ഹീറോ’യുടെ തിരിച്ചുവരവ് ആഘോഷിക്കാനുള്ള ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യം മുഴുവൻ അദ്ദേഹത്തെ സ്വീകരിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അർഹമായ ബഹുമതിയോടെ അദ്ദേഹത്തെ സ്വീകരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. യുഎഇയുടെ ആദ്യ ബഹിരാകാശയാത്രികൻ ഹസ്സ അൽമൻസൂരിക്ക് നൽകിയ പോലുള്ള സ്വീകരണത്തിൽ ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ, അദ്ദേഹത്തിന്റെ വിജയകരമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പരിപാടികൾ എന്നിവ ഉൾപ്പെടും. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ അൽ ഐൻ നഗരത്തിൽ വൻ വരവേൽപാണ് നൽകുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf
Comments (0)