Posted By user Posted On

റെക്കോർഡ് ഭൂരിപക്ഷവുമായി പുതുപ്പള്ളിക്ക് പുതുനായകൻ; ഹാട്രിക് തോൽവിയിലേക്ക് ജെയ്ക്; നിലംതൊടാതെ ബിജെപി

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ വമ്പൻ ലീഡുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു. പിതാവ് ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ മുന്നേറ്റം. ജെയ്ക്കിനെ 40,111 വോട്ടുകൾക്ക് മറികടന്നാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ലീഡിനും മുന്നിലാണിത്. അതേസമയം, ബിജെപി ചിത്രത്തിൽ പോലുമില്ല എന്ന നിലയിലാണ്. സ്ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ.

7 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ലിജിൻ ലാലാണ് എൻഡിഎ സ്ഥാനാർഥി. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവർ. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *