Posted By user Posted On

ടേക്ക്-ഓഫിനിടെ മൊബൈൽ ഓഫ് ചെയ്തില്ല; 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

വിമാനത്തിനുള്ളിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒരു പുതിയ കാര്യമല്ല. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ നടന്ന ഒരു സംഭവത്തിൽ, ടേക്ക് ഓഫ് സമയമായിട്ടും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന് 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന അലയൻസ് എയർ വിമാനത്തിൽ ആണ് സംഭവം. ടേക്ക് ഓഫിനിടെ സെൽ ഫോൺ ഓഫ് ചെയ്യാൻ വിസമ്മതിച്ച് കൊണ്ട് സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഒരു യാത്രക്കാരൻ അലംഭാവം കാണിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. 45 കാരനായ സുരഞ്ജിത് ദാസ് ചൗധരി എന്ന ആളാണ് വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നത്. ഫോൺ ഓഫ് ചെയ്യാൻ പല തവണ ജീവനക്കാർ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ചൗധരി അതിന് തയ്യാറായില്ല. യാത്രക്കാരൻറെ ഭാഗത്ത് നിന്നും ഉണ്ടായ ഈ അലംഭാവം വിമാനത്തിനുള്ളിൽ വലിയ വാക്ക് തർക്കത്തിന് ഇടയാക്കുകയും തുടർന്ന് വിമാനത്തിനുള്ളിൽ നിന്നും അദ്ദേഹത്തോട് പുറത്ത് പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ ഒരു വിഭാഗം യാത്രക്കാർ എതിർക്കുകയും സുരഞ്ജിത് ദാസ് ചൗധരിയെ ഒഴിവാക്കിയുള്ള യാത്ര നടത്താൻ വിസമ്മതിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയ സുരഞ്ജിത് ദാസ് ചൗധരി ഉൾപ്പെടെയുള്ള 10 യാത്രക്കാരെ അസാം വിമാനത്താവളത്തിൽ ഇറക്കി വിട്ടതിന് ശേഷം വിമാനം യാത്ര ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതനുസരിച്ച് ചൊവ്വാഴ്ചയായിരുന്നു ഈ സംഭവം. പ്രശ്നങ്ങൾ ഉണ്ടാക്കിയ യാത്രക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Fp9JJWwTfsV8NVJ6dibhCf

Comments (0)

Leave a Reply

Your email address will not be published. Required fields are marked *