വിദേശത്ത് നിന്ന് ഓണത്തിന് ലീവിന് നാട്ടിലെത്തി; പത്താംക്ലാസുകാരനെ വാഹനമിടിച്ച് കൊന്നു; ഒടുവിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം ∙ സൈക്കിൾ യാത്രികനായ വിദ്യാർഥി ആദിശേഖർ ഇലക്ട്രിക് കാറിടിച്ചു മരിച്ച സംഭവത്തിൽ, കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ. ഒളിവിലായിരുന്ന പ്രതി പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസ്സിലായതെന്നും കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യമുണ്ടായിരുന്നെന്നും പൊലീസ് അറിയിച്ചു. സംഭവം കൊലപാതകമെന്നായിരുന്നു ബന്ധുക്കളുടെയും മൊഴി. പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ ആദിശേഖർ (15) ആണ് ഓഗസ്റ്റ് 30ന് പുളിങ്കോട് ക്ഷേത്രത്തിനു സമീപം ബന്ധുവായ പ്രിയരഞ്ജൻ ഓടിച്ച ഇലക്ട്രിക് കാറിടിച്ചു മരിച്ചത്. അധ്യാപകനായ എ.അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഐ.ബി.ഷീബയുടെയും മകനാണ്. വിദേശത്തു ജോലി ചെയ്തിരുന്ന പ്രിയരഞ്ജൻ ഓണം പ്രമാണിച്ചാണു നാട്ടിൽ വന്നപ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര പരിസരത്ത് കളിക്കുകയായിരുന്ന ആദിശേഖർ വീട്ടിലേക്കു പോകാൻ സൈക്കിളിൽ കയറവെ റോഡ്സൈഡിൽ നിർത്തിയിരുന്ന കാർ പെട്ടെന്ന് മുന്നോട്ടെടുത്ത് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്. സംഭവസ്ഥലത്തു തന്നെ വിദ്യാർഥി മരിച്ചു. അലക്ഷ്യമായി വാഹനം ഓടിച്ച് കുട്ടിയെ ഇടിച്ചതിനായിരുന്നു ആദ്യം പ്രിയരഞ്ജനെതിരെ പൊലീസ് കേസെടുത്തത്. ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകി. കാർ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)