ടെലിഫോൺ, ഓൺലൈൻ തട്ടിപ്പുകളിൽ വീഴല്ലേ: മുന്നറിയിപ്പുമായി യുഎഇ പൊലീസ്
റാസൽഖൈമ: ടെലിഫോൺ വിളിച്ചും സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴിയും വിവരങ്ങൾ ശേഖരിച്ച് പണം കവർച്ചയും കുറ്റകൃത്യങ്ങളും നടത്തുന്നവരെ കരുതിയിരിക്കണമെന്ന് റാക് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അജ്ഞാത കോളുകളോട് പ്രതികരിച്ച് തങ്ങളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ വലിയ തട്ടിപ്പു മാഫിയകളുടെ ഇരയായി മാറുകയാണെന്ന ബോധ്യം സമൂഹത്തിനുണ്ടാകണമെന്ന് റാക് പൊലീസ് മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ കേണൽ ഹമദ് അബ്ദുല്ല അൽഅവാദി ഓർമിപ്പിച്ചു.സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രതിനിധിയാണെന്ന് വിളിക്കുന്നവർക്ക് ബാങ്ക് കാർഡ് നമ്പറുകൾ, വെരിഫിക്കേഷൻ നമ്പർ, ഫോൺ നമ്പർ തുടങ്ങി അക്കൗണ്ട് നമ്പറുകളുമായി കണക്ട് ചെയ്യുന്ന വിവരങ്ങൾ കൈമാറി. ഗൗരവത്തിൽ വിളിച്ച് സൗഹൃദ സംഭാഷണത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പ് സംഘാംഗം ഒ.ടി.പി നമ്പർ കൈക്കലാക്കി പണം കവരുന്ന രീതിയാണ് പിന്തുടരുന്നതെന്ന് അധികൃതർ പറഞ്ഞു.സാങ്കേതിക വികാസത്തിനനുസൃതമായി ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും ലോകതലത്തിൽ വർധിക്കുകയാണ്. ഈ വിഷയത്തിൽ സമൂഹത്തിൽ വ്യാപക ബോധവത്കരണം ആവശ്യമാണ്. വിവിധ പൊലീസ് സ്റ്റേഷനുകൾ, കുറ്റാന്വേഷണ വകുപ്പ്, മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് റാക് ആഭ്യന്തര മന്ത്രാലയം വിപുലമായ ബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ കുറ്റകൃത്യങ്ങൾ, ബ്ലാക്ക്മെയിലിങ്, നിഷേധാത്മക പെരുമാറ്റം തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾ 901, 999 നമ്പറുകളിൽ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ടെലിഫോൺ തട്ടിപ്പിനെക്കുറിച്ച് ബോധവത്കരണത്തിനായി വിഡിയോയും റാക് പൊലീസ് പുറത്തിറക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)