അബൂദാബി ഇരട്ടകൊലപാതകം; പ്രവാസി മലയാളിയും ജീവനക്കാരിയും കൊല്ലപ്പെട്ട കേസ്: മുഖ്യപ്രതി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽ സിബിഐ പരിശോധന
നിലമ്പൂർ: അബുദാബി ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ നിലമ്പൂരിലെ വീട്ടിൽ സി.ബി.ഐ. ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലപാതകക്കേസിലെ മുഖ്യപ്രതിയാണ് ഷൈബിൻ അഷ്‌റഫ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അബുദാബിയിൽ നടത്തിയ ഇരട്ടക്കൊലപാതകക്കേസാണ് നിലവിൽ സി.ബി.ഐ. അന്വേഷിക്കുന്നത്. ഈ വീട്ടിൽവെച്ചാണ് അബുദാബിയിൽ നടന്ന കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് നിഗമനം. സി.ബി.ഐ. തിരുവനന്തപുരം സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഷൈബിൻ അഷ്‌റഫിന്റെ വ്യാപാരപങ്കാളി കോഴിക്കോട് കുന്ദമംഗലം തത്തമ്മ പറമ്പിൽ ഹാരിസ്, ഇയാളുടെ മാനേജർ തൃശ്ശൂർ ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ അബുദാബിയിൽ കൊല്ലപ്പെട്ട കേസിലാണ് സി.ബി.ഐ. അന്വേഷണം.2020 മാർച്ച് അഞ്ചിനാണ് കൊലപാതകം നടന്നത്. സംഭവം അബുദാബി പോലീസ് അന്വേഷിച്ചിരുന്നെങ്കിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഡെൻസിയെ കൊലപ്പെടുത്തിയതിനു ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.പിന്നീട് മൈസൂരു സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊല്ലപ്പെട്ട കേസിൽ ഷൈബിൻ അഷ്‌റഫും കൂട്ടാളികളും പിടിയിലായതോടെയാണ് അബുദാബി ഇരട്ടക്കൊലപാതകക്കേസ് വഴിത്തിരിവിലെത്തിയത്. ഷാബാ ഷെരീഫ് കൊലപാതകക്കേസിൽ പിടിയിലായ പ്രതികളാണ് ഷൈബിന്റെ നിർദേശപ്രകാരം ഹാരിസിനെയും ഡെൻസിയെയും കൊലപ്പെടുത്തിയതെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.
ഡെൻസിയെ കൊലപ്പെടുത്തിയശേഷം ഹാരിസ് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ കൃത്രിമ തെളിവുകൾ സൃഷ്ടിച്ചതായും പ്രതികൾ പോലീസിനോട് സമ്മതിച്ചിരുന്നു. ഹാരിസിനെ ഷൈബിന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നിലമ്പൂർ പോലീസാണ് ആദ്യം കേസെടുത്തത്. പിന്നീട് ഹാരിസിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരം കേസ് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു. കൊലപാതകംനടന്ന് ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞവർഷം ഓഗസ്റ്റ് 10-ന് ഹാരിസിന്റെ മൃതദേഹവും ഓഗസ്റ്റ് 24-ന് ഡെൻസിയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയും തുടർന്ന് മൃതദേഹഭാഗങ്ങൾ രാസപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)