യുഎഇയിൽ 11 പുതിയ സ്കൂളുകൾ കൂടി
യുഎഇയിൽ 11 പുതിയ സർക്കാർ സ്കൂളുകൾ കൂടി തുറന്നു. കൂടുതൽ കുട്ടികൾക്ക് പഠനാവസരം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. 28,000 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവുമായി ആരംഭിച്ച സ്കൂളുകൾ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സയിദ് ആൽ നഹ്യാനാണ് പ്രഖ്യാപിച്ചത്. സായിദ് എജുക്കേഷനൽ കോംപ്ലക്സ് പദ്ധതിയുടെ കീഴിലാണ് പൊതുവിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികവുറ്റതാക്കുന്നതിന് സ്കൂളുകൾ ആരംഭിച്ചത്. ഫുജൈറയിൽ ആരംഭിച്ച സ്കൂളുകളിലൊന്നിൽ ശൈഖ് മൻസൂർ കഴിഞ്ഞ ദിവസം സന്ദർശിച്ചു. പദ്ധതി ദേശീയ നേട്ടമാണെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പ്രസ്താവിച്ചു.
സ്കൂളുകളിൽ അത്യാധുനിക സൗകര്യമുള്ള ലബോറട്ടറികൾ, കായിക-കലാ പ്രവർത്തനങ്ങൾക്കുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓരോ സ്കൂളുകളിലും 86 ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ട്. സ്മാർട്ട് സാങ്കേതിക വിദ്യകൾ സജ്ജീകരിച്ച സ്കൂളുകൾ പൂർണമായും പരിസ്ഥിതി സൗഹൃദമായ രീതിയിലാണുള്ളത്. കുട്ടികളെ ഉൾക്കൊള്ളുന്നതിൽ ഓരോ സ്കൂളുകളും സാധാരണ പൊതുവിദ്യാലയങ്ങളേക്കാൾ നാലിരട്ടി വലുപ്പമുള്ളതാണ്. 16,000ത്തിലധികം എൻജിനീയർമാരും സൂപ്പർവൈസർമാരും തൊഴിലാളികളും പുതിയ അധ്യയന വർഷത്തേക്ക് തുറക്കാനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹിയാന്റെ നിർദേശപ്രകാരമാണ് സായിദ് എജുക്കേഷനൽ കോംപ്ലക്സ് സംരംഭം ആരംഭിച്ചത്. പ്രസിഡൻഷ്യൽ കോർട്ടിന്റെയും ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളുടെയും പങ്കാളിത്തത്തോടെ രാജ്യത്തെ പൊതുവിദ്യാലയങ്ങൾ നിയന്ത്രിക്കുന്ന എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റാണ് ഇതിന് നേതൃത്വം നൽകുന്നത്. ഫുജൈറയിലെ മുഹമ്മദ് ബിൻ സായിദ് റെസിഡൻഷ്യൽ സിറ്റിയിലെ സായിദ് എജുക്കേഷനൽ കോംപ്ലക്സ് സന്ദർശനത്തിൽ ശൈഖ് മൻസൂറിനൊപ്പം ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയി, പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രിയും എമിറേറ്റ്സ് സ്കൂൾ എജുക്കേഷൻ ഫൗണ്ടേഷൻ ചെയർമാനുമായ സാറ അൽ അമീരി, പ്രാരംഭ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി സാറ മുസല്ലം എന്നിവരും അനുഗമിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)