യുഎഇ; നിയമലംഘനം നടത്തിയ രണ്ട് റിക്രൂട്ടിങ് ഏജൻസികളുടെ ലൈസൻസ് റദ്ധാക്കി
യുഎഇയിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രണ്ട് ഏജൻസികളുടെ ലൈസൻസ് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം റദ്ദാക്കി. ഗാർഹിക തൊഴിൽരംഗത്തെ സേവനങ്ങൾ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ദുബൈയിൽ പ്രവർത്തിക്കുന്ന ശമ്മ അൽ മഹൈരി ഡൊമസ്റ്റിക് വർക്കേഴ്സ് സർവിസസ് സെന്റർ, അജ്മാനിലെ അൽ ബർക ഡൊമസ്റ്റിക് വർക്കേഴ്സ് സർവിസസ് സെന്റർ എന്നീ സ്ഥാപനങ്ങളുടെ ലൈസൻസാണ് മന്ത്രാലയം പിൻവലിച്ചത്. ലൈസൻസ് റദ്ദാക്കുന്ന കാലയളവ് വരെ ഏതെങ്കിലും തരത്തിലുള്ള കുടിശ്ശിക ബാക്കിയുണ്ടെങ്കിൽ അത് അടച്ചുതീർക്കാനും സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കുമുള്ള ബാധ്യതകൾ തീർക്കാനും മന്ത്രാലയം സ്ഥാപന ഉടമകളോട് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ബന്ധപ്പെട്ട പ്രാദേശിക അധികാരികളോട് സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം നിർദേശിച്ചു.
ലൈസൻസുള്ള മുഴുവൻ റിക്രൂട്ട്മെന്റ് ഏജൻസികളും തൊഴിൽ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണെന്നും സേവനദാതാക്കളുടെയും ഉപയോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഏകീകരിച്ച തുക ഉൾപ്പെടെ വിവിധ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കിയ കൃത്യമായ മാർഗനിർദേശങ്ങൾക്കും സംവിധാനങ്ങൾക്കും കീഴിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 600590000 എന്ന നമ്പറിൽ അറിയിക്കാം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)