യുഎഇ; സ്കൂളുകളിൽ പകർച്ചപ്പനിയ്ക്കെതിരെ ജാഗ്രത നിർദ്ദേശം
യുഎഇയിലെ സ്കൂളുകളിൽ കുട്ടികൾക്ക് പകർച്ചപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശവുമായി അധികൃതർ. കുട്ടികൾക്ക് രോഗപ്രതിരോധ വാക്സിൻ എടുത്തുവെന്ന് ഉറപ്പുവരുത്തണമെന്നാണ് കഴിഞ്ഞ ദിവസം ഇറക്കിയ പ്രത്യേക സർക്കുലറിൽ സ്കൂളുകൾ മുന്നോട്ടുവെച്ച പ്രധാന നിർദേശം. പുതിയ അധ്യയനവർഷം ആരംഭിച്ചതോടെ വിവിധയിടങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കുട്ടികളാണ് സ്കൂളുകളിൽ പുതുതായി എത്തിയത്. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾക്ക് സ്കൂളധികൃതർ പ്രത്യേക സുരക്ഷ നിർദേശങ്ങൾ അടങ്ങിയ സർക്കുലർ അയച്ചത്.
വീടുകളിലും സ്കൂളുകളിലും കുട്ടികളുടെ ആരോഗ്യകരമായ സാഹചര്യം ഉറപ്പുവരുത്തണമെന്നാണ് പ്രധാന നിർദേശം. അതേസമയം പനി, കഫക്കെട്ട്, ശരീരവേദന, തലവേദന, തൊണ്ടവേദന, ജലദോഷം, ഛർദി, മലേറിയ, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഡോക്ടറുടെ സേവനം തേടുകയും കുട്ടികളെ സ്കൂളിൽനിന്ന് വിട്ടുനിർത്തുകയും ചെയ്യണമെന്ന് അർജാൻ ആസ്റ്റർ ക്ലിനിക്കിലെ കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോ. സദാഫ് സിദ്ദീഖി പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ കഴുകാൻ കുട്ടികളെ പ്രേരിപ്പിക്കണം. രക്ഷിതാക്കളും ശുചിത്വം ഉറപ്പുവരുത്തണം.
ശുദ്ധീകരിച്ചതോ ചൂടാക്കിയതോ ആയ വെള്ളം മാത്രം കുടിക്കാൻ നൽകുക, പൊതുഇടങ്ങളിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പൊതുഗതാഗത സംവിധാനങ്ങളും റെസ്റ്റ് റൂമുകളും ഉപയോഗിച്ച ശേഷം കൈകൾ നിർബന്ധമായും കഴുകുക, വ്യക്തിശുചിത്വം പുലർത്തുകയും കൃത്യമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയവ പാലിക്കണമെന്ന് ഡോ. സദാഫ് നിർദേശിക്കുന്നു. വിവിധ സാഹചര്യങ്ങളിൽനിന്ന് എത്തുന്ന കുട്ടികൾ ക്ലാസുകളിൽ ഇടകലർന്ന് ഇരിക്കേണ്ടിവരുന്നതിനാൽ കൂടുതൽ പേർക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്ന് ബർഷ ആസ്റ്റർ ക്ലിനിക്കിലെ കുട്ടികളുടെ സ്പെഷലിസ്റ്റ് ഡോ. സോണൽ ഗോർ പറഞ്ഞു. നവംബർ മുതൽ ഏപ്രിൽ വരെ കാലയളവിലാണ് സാധാരണ പകർച്ചപ്പനി കണ്ടുവരാറുള്ളത്. ഈ വർഷം പനി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതായാണ് മനസ്സിലാക്കുന്നത്.
ഇൻഫ്ലുവൻസ വൈറസിന്റെ ഇടക്കിടെയുണ്ടാകുന്ന മാറ്റമാണിതിന് കാരണം. മൂക്കിലും തൊണ്ടയിലുമാണ് ഇൻഫ്ലുവൻസ വൈറസ് സാധാരണ കണ്ടുവരുന്നത്. സഹോദരങ്ങൾ, രക്ഷിതാക്കൾ, കുടുംബാംഗങ്ങൾ, കൂട്ടുകാർ തുടങ്ങിയവരിൽനിന്ന് കുട്ടികൾക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ കുത്തിവെപ്പാണ് ഇത് തടയാനുള്ള പ്രധാന മാർഗമെന്നും ഡോക്ടർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)