ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ; ദുബായ് ടു കൊച്ചി 5430 രൂപ; തിരികെ 56000
അബുദാബി/ദുബായ് ∙ സീസൺ കഴിഞ്ഞിട്ടും കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ. യുഎഇയിൽനിന്ന് കേരളത്തിലേക്കു പോകുന്നതിനെക്കാൾ ശരാശരി നാലിരട്ടി തുക നൽകിയാൽ മാത്രമേ തിരിച്ചു വരാനാകൂ. യുഎഇയിൽ സ്കൂൾ തുറന്ന് 2 ആഴ്ച പിന്നിട്ടിട്ടും നിരക്ക് വർധന മൂലം ഒട്ടേറെ പ്രവാസി കുടുംബങ്ങൾ ഇപ്പോഴും നാട്ടിൽതന്നെയാണ്.
നിരക്കു കുറയുന്നത് കാത്തിരുന്നവരും നിരാശരായി. ഇതിനായി പല കുടുംബങ്ങളും 2 ആഴ്ച സ്കൂളിൽനിന്ന് അവധി എടുത്തിരുന്നു. ഇനിയും വൈകുന്നത് പഠനത്തെ ബാധിക്കുമെന്നതിനാൽ കൂടിയ തുക നൽകി യാത്ര ചെയ്യാൻ നിർബന്ധിതരാവുകയാണ് പലരും. കേരളത്തിൽനിന്ന് യുഎഇയിലേക്കു നേരിട്ടുള്ള വിമാനത്തിൽ സീറ്റിന് 50,000 രൂപയ്ക്കു മുകളിലാണ് നിരക്ക്. യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള ഇന്നത്തെ നിരക്കു നോക്കുമ്പോൾ ഏതാണ്ട് പത്തിരട്ടി വരും.
ഇതേസമയം മറ്റു സെക്ടറുകൾ വഴിയുള്ള കണക്‌ഷൻ വിമാനങ്ങളിലാണ് യാത്രയെങ്കിൽ 28,000 രൂപയ്ക്ക് മുകളിലും. അതായത് നാലിരട്ടിയിലേറെ.ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് നിരക്ക് സ്പൈസ് ജെറ്റിൽ 5430 രൂപ (240 ദിർഹം). ഇതേ വിമാനത്തിൽ ഇന്ന് കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 56000 രൂപ! എന്നാൽ കണക്‌ഷൻ വിമാനങ്ങളിൽ 28,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കും.
എയർ ഇന്ത്യാ എക്സ്പ്രസ് ദുബായ്–കൊച്ചി സെക്ടറിലെ നിരക്ക് 5,984 രൂപ. കൊച്ചി–ദുബായ് സെക്ടറിൽ 49,653 രൂപയും. ശേഷിക്കുന്ന 9 സീറ്റുകൾ വിഭജിച്ച് 3 വിഭാഗമാക്കിയാണ് വിൽപന. രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തിലെ സീറ്റുകൾക്ക് യഥാക്രമം 54,903, 60,153 രൂപ വീതമാണ് നിരക്ക്. അപ്പോൾ നാലംഗ കുടുംബത്തിന് വരാൻ 2 ലക്ഷത്തിലേറെ രൂപയാകും. കണക്‌ഷൻ വിമാനത്തിലെങ്കിൽ ഇത് 1.2 ലക്ഷമായി കുറയും.
നേരിട്ടുള്ള വിമാനത്തിൽ നാലംഗ കുടുംബത്തിന് ദുബായിൽനിന്ന് നാട്ടിലേക്കു പോകാൻ ശരാശരി 26000 രൂപ മതിയാകും. തുല്യ ദൂരത്തിലെ മടക്ക യാത്രയ്ക്കാണ് ഇരട്ടിയിലധികം തുക നൽകേണ്ടിവരുന്നത്. എയർ ഇന്ത്യയിലാണെങ്കിൽ കേരളത്തിലേക്കു 8146 രൂപ. കൊച്ചി–ദുബായ് സെക്ടറിൽ 28849 രൂപയും. നാലംഗ കുടുംബമാണ് യുഎഇയിലേക്കു വരുന്നതെങ്കിൽ കുറഞ്ഞത് 1.15 ലക്ഷം രൂപ നൽകണം.
അതും മറ്റു സെക്ടറുകൾ വഴി കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ടിവരും. യുഎഇയിൽനിന്ന് നേരിട്ടുള്ള വിമാനത്തിൽ 4 പേർ നാട്ടിലേക്കു പോകാൻ 32,584 രൂപ മതി. കോവിഡിനുശേഷം യുഎഇയിലേക്കു വരുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നത് കാരണമാണ് നിരക്ക് കുറയാത്തതെന്നാണ് ട്രാവൽ വിദഗ്ധരുടെ വിലയിരുത്തൽ.
👆👆
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)