യുഎഇ; ഉച്ചവിശ്രമനിയമം ലംഘിച്ച 96 കമ്പനികൾക്കെതിരെ നടപടി
യുഎഇയിലെ കനത്ത ചൂടിൽനിന്ന് പുറംജീവനക്കാർക്ക് ആശ്വാസം നൽകാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം 96 കമ്പനികൾ ലംഘിച്ചതായി റിപ്പോർട്ട്. 1,13,000 സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 96 കമ്പനികൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയമാണ് ചൊവ്വാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസത്തേക്കായിരുന്നു യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നത്. ഇക്കഴിഞ്ഞ 15ന് നിയമം പിൻവലിക്കുകയും ചെയ്തിരുന്നു. ഈ ദിനങ്ങളിൽ വെയിലത്ത് ജോലിചെയ്യുന്ന ജീവനക്കാർക്ക് ഉച്ചക്ക് 12.30 മുതൽ മൂന്നുവരെ വിശ്രമം അനുവദിക്കണമെന്നായിരുന്നു നിർദേശം.
ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്താൻ ആത്മാർഥമായി പ്രവർത്തിച്ച സ്വകാര്യ കമ്പനികൾക്കും പൊതുജനങ്ങൾക്കും നന്ദി പറയുന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. 19 വർഷമായി യു.എ.ഇയിൽ ഉച്ചവിശ്രമം നടപ്പാക്കിവരുന്നുണ്ട്. നിയമം ലംഘിച്ചാൽ 5,000 മുതൽ 50,000 ദിർഹം വരെയാണ് പിഴ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)