സലാം എയർ തീരുമാനം പ്രവാസികൾക്ക് തിരിച്ചടി; പ്രതിസന്ധിയിലായി യുഎഇയിലെ മലയാളികൾ
ദുബൈ: അടുത്ത മാസം മുതൽ ഇന്ത്യയിലേക്കുള്ള സർവിസ് നിർത്തുമെന്ന ഒമാൻ ബജറ്റ് വിമാനമായ സലാം എയറിൻറെ തീരുമാനം യു.എ.ഇയിലെ മലയാളി പ്രവാസികൾക്ക് വൻ തിരിച്ചടിയാകും.ഇന്ത്യയിലേക്ക് വിമാനങ്ങൾ കൂടുതൽ അനുവദിക്കാൻ സാധ്യമാകാത്തതിനാലാണ് സർവിസുകൾ നിർത്തുന്നതെന്നാണ് കഴിഞ്ഞ ദിവസം ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി നൽകിയ വിശദീകരണം. വെബ്സൈറ്റിൽനിന്ന് ഒക്ടോബർ ഒന്നു മുതൽ ബുക്കിങ് ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്.റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. റീഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, എത്ര കാലത്തേക്കാണ് സർവിസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല.കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിൻറെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. സലാം എയർ ഫുജൈറയിൽനിന്ന് മസ്കത്ത് വഴി നിലവിൽ തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്നുണ്ട്. കൂടാതെ ഒക്ടോബർ രണ്ടു മുതൽ ഫുജൈറയിൽനിന്നും ദുബൈയിൽ നിന്നും മസ്കത്ത് വഴി കോഴിക്കോട്ടേക്കും സർവിസ് പ്രഖ്യാപിച്ചിരുന്നു.ഇത് ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ കണ്ടിരുന്നത്. യാത്രാസമയം കൂടുതലാണെങ്കിലും കുറഞ്ഞ നിരക്കും കൂടുതൽ ലഗേജ് സൗകര്യവുമാണ് സലാം എയറിനെ പ്രവാസികൾ കൂടുതൽ ആശ്രയിക്കാൻ കാരണം.എയർ ഇന്ത്യ ഉൾപ്പെടെയുള്ള കമ്പനികൾ സീസൺ സമയങ്ങളിൽ വിമാന ടിക്കറ്റിൽ വൻ കൊള്ളലാഭം നേടുമ്പോൾ സലാം എയറിൻറെ സർവിസ് പ്രഖ്യാപനം പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന ഒന്നായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)