ബഹിരാകാശ യാത്രികൻ അൽ നിയാദിയെ വീട്ടിലെത്തി ആദരിച്ച് അബൂദബി കിരീടാവകാശി
അബൂദബി: യു.എ.ഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയെ വീട്ടിലെത്തി ആദരിച്ച് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ.അൽഐനിലെ ഉമ്മു ഖാഫയിലെ വീട്ടിലെത്തിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുമാസ ദൗത്യം വിജയകരമായി പൂർത്തീകരിച്ച് ചരിത്രം രചിച്ച അൽ നിയാദിനെ കിരീടാവകാശി അഭിനന്ദിച്ചത്. നിയാദിയുടെ നേട്ടം യു.എ.ഇ നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അഭിമാനനിമിഷമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യം ആലോചിച്ചതിനും വിജയം ഉറപ്പാക്കിയതിനും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശകേന്ദ്രം നടത്തിയ പ്രയത്നത്തെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തേ ബഹിരാകാശ ദൗത്യം കഴിഞ്ഞ് ജന്മദേശമായ അൽഐനിൽ തിരിച്ചെത്തിയ നിയാദിക്ക് ഊഷ്മള വരവേൽപാണ് നൽകിയത്. തിങ്കളാഴ്ച അബൂദബിയിൽ എത്തിയ അൽ നിയാദിയെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ചേർന്നാണ് സ്വീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)