‘ഭക്ഷണം കഴിക്കാൻ വിളിക്കാൻ ചെന്ന ഭാര്യ കാണുന്നത് ചലനമറ്റ് കിടക്കുന്ന പ്രിയതമനെ’: പ്രവാസി മലയാളിയുടെ മരണത്തെക്കുറിച്ച് നെമ്പരക്കുറിപ്പ്
ദുബൈ: പ്രവാസ ലോകത്ത് നല്ല നിലയിൽ സംരംഭം നടത്തി ജീവിച്ച മലയാളിയുടെ ദാരുണാന്ത്യത്തെ കുറിച്ച് നൊമ്പരക്കുറിപ്പ്. യുഎഇയിലെ സാമൂഹ്യപ്രവർത്തകനായ മലയാളി അഷ്റഫ് താമരശ്ശേരിയാണ് കുറിപ്പ് പങ്കുവെച്ചത്. ജീവനക്കാരൻറെ ചതിക്ക് പിന്നാലെയുള്ള സാമ്പത്തിക ബാധ്യതയും പിന്നാലെ വന്ന സ്ട്രോക്കും കാരണം ദുരിതത്തിലായ മലയാളിയുടെ അനുഭവമാണ് അദ്ദേഹം വിവരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെയാണ് ഹൃദയാഘാതം വന്ന് പ്രവാസി മലയാളിയുടെ മരണമെന്ന് കുറിപ്പിൽ പറയുന്നു. ഉച്ച ഭക്ഷണം കഴിക്കാൻ അന്വേഷിച്ച് ചെന്ന ഭാര്യ കാണുന്നത് ബെഡ് റൂമിൽ ചലനമറ്റ് കിടക്കുന്ന പ്രിയതമനെയാണ്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കുറിപ്പിൻറെ പൂർണരൂപം
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു മലയാളിയുണ്ടായിരുന്നു. പ്രവാസ ലോകത്ത് നല്ല നിലയിൽ സംരംഭം നടത്തി ജീവിച്ചിരുന്ന വ്യക്തി. എല്ലാ വർഷവും അവധിക്ക് കുടുംബത്തെയും കൂട്ടി വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്ന പതിവുണ്ടായിരുന്നു ഇദ്ദേഹത്തിന്. ഒരിക്കൽ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ എയർപോർട്ടിൽ വെച്ച് അധികൃതർ പിടികൂടി. യാത്രക്ക് പോകുന്നതിന് മുൻപ് ഇദ്ദേഹം നൽകിയ രേഖകൾ ദുരുപയോഗം ചെയ്ത് കമ്പനി ജീവനക്കാരൻ നടത്തിയ തട്ടിപ്പിന് മുതലാളി കുടുങ്ങുകയായിരുന്നു. ഇതോടെ വലിയ സാമ്പത്തിക ബാധ്യതകൾ വന്നു ചേർന്നു. ആകെ തകർന്ന് പോയ ഇദ്ദേഹത്തിന് സ്ട്രോക്ക് വന്ന് ആശുപത്രിയിലായി.
അസുഖത്തിൽ നിന്നും പതിയെ കരകയറിയ ഇദ്ദേഹം കുടുംബം പോറ്റാൻ മറ്റൊരിടത്ത് ജോലിക്ക് കയറി. ഭാര്യക്കും ഒരു ജോലി ലഭിച്ചു. പരിവട്ടങ്ങളില്ലാതെ ഒരു വിധം ജീവിച്ച് കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്. ഉച്ചക്കുള്ള ഭക്ഷണം കഴിക്കാൻ അന്വേഷിച്ച് ചെന്ന ഭാര്യ കാണുന്നത് ബെഡ് റൂമിൽ ചലനമറ്റ് കിടക്കുന്ന പ്രിയതമനെ. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ കുടുംബത്തിൻറെ ഒരധ്യായം ഇവിടെ അവസാനിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)