യുഎഇയിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഇവൻറ് ടിക്കറ്റ് വിൽപന: ജാഗ്രത നിർദേശം
ദുബൈ: ശൈത്യകാല സീസൺ ആരംഭിച്ചതോടെ യു.എ.ഇയിൽ വിവിധ ആഘോഷങ്ങളും വിനോദ പരിപാടികൾ സജീവമാവുകയാണ്. ഇതോടൊപ്പം ഓൺലൈൻ വഴിയുള്ള വിവിധ തരം തട്ടിപ്പുകളും വ്യാപകമാണ്. വാട്സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ ഇവൻറ് ടിക്കറ്റ് വിൽപനയാണ് പുതിയ തട്ടിപ്പ്. അടുത്തിടെ ഇത്തരം തട്ടിപ്പിൽ അകപ്പെട്ടവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെൻറ് (എ.ഡി.ജെ.ഡി). ഉപഭോക്താക്കളെ ആകർഷിക്കാൻ കുറഞ്ഞ ടിക്കറ്റ് നിരക്കുകൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ രംഗത്തു വരുന്നത്. ഇതിൽ അകപ്പെട്ട് നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. സംശയം തോന്നാത്ത ഉപഭോക്താക്കളെ വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകി വശീകരിക്കുന്ന തട്ടിപ്പുകാർ, മതിയായ വിൽപന നടന്നുകഴിഞ്ഞാൽ സമൂഹ മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയാണ് പതിവ്.ടിക്കറ്റ് വാങ്ങിയവർ ഇവൻറിനെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെടുക. ഇല്ലാത്ത ഇവൻറുകളുടെ പേരിൽ മികച്ച പരസ്യങ്ങൾ പോസ്റ്റു ചെയ്താണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. എന്നാൽ, നില നിർദേശങ്ങൾ പാലിച്ചാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം. യഥാർഥ വിലയേക്കാൾ വളരെ കുറഞ്ഞ വില വാഗ്ദാനം ചെയ്യുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കണം.ഒരു കാരണവശാലും ബാങ്കിങ് ഉൾപ്പെടെ വ്യക്തിഗത സ്വകാര്യ വിവരങ്ങൾ അജ്ഞാതരായ സോഷ്യൽ മീഡിയ ടിക്കറ്റ് ദാതാക്കളുമായി പങ്കുവെക്കരുത്. ടിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ ആധികാരിക ഉറവിടങ്ങൾ വഴി മാത്രം വാങ്ങുക. ടിക്കറ്റുകൾ വാങ്ങാൻ സംഘാടകരുടെ ഔദ്യോഗിക വെബ്സൈറ്റ്, ലൈസൻസുള്ള ടിക്കറ്റ് ഏജൻസികൾ, അംഗീകൃത വിൽപനക്കാർ എന്നിവരെ മാത്രം ആശ്രയിക്കുക. വിൽപനയിൽ സംശയം തോന്നിയാൽ അടിയന്തരമായി 8002626 എന്ന നമ്പറിൽ അധികൃതരെ അറിയിക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)