സംശയകരമായ പാക്കറ്റ് കണ്ടെത്തി, പറന്നുയർന്ന വിമാനം തിരിച്ചിറക്കി പരിശോധന, പിന്നീട് നടന്നത് ഇതാണ്
പനാമ സിറ്റി: സംശയകരമായ ‘പാക്കറ്റ്’ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പനാമയിൽ നിന്ന് അമേരിക്കയിലെ ഫ്ലോറിഡയിലേക്കുള്ള വിമാനമാണ് ടോയ്‍ലറ്റിൽ സംശയകരമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് തിരികെ വിമാനത്താവളത്തിൽ എത്തിച്ചത്. എന്നാൽ പിന്നീട് നടന്ന വിശദമായ പരിശോധനയിൽ സംശയിക്കപ്പെട്ട വസ്‍തു സംബന്ധിച്ച ആശങ്ക ചിരിക്ക് വഴിമാറി. പനാമ സിറ്റിയിൽ നിന്ന് ഫ്ലോറിഡയിലെ ടാംപയിലേക്കുള്ള കോപ എയർലൈൻസ് വിമാനമാണ് ‘ബോംബ് ഭീഷണിയെ’ തുടർന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമായത്. ബോയിങ് 737 – 800 വിഭാഗത്തിൽ പെടുന്ന വിമാനം, റൺവേയിൽ നിന്നും മറ്റ് വിമാനങ്ങൾക്ക് അടുത്തു നിന്നും മാറ്റിയ ശേഷം യാത്രക്കാരെയെല്ലാം വിമാനത്തിൽ നിന്ന് പുറത്തിറക്കി. 144 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 10.59ഓടെയായിരുന്നു വിമാനം തിരികെ ലാൻഡ് ചെയ്തതെന്ന് പനാമ സിവിൽ ഏവിയേഷൻ അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തുടർന്ന് പൊലീസിന്റെ എക്സ്പ്ലോസീവ് യൂണിറ്റ് വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു. ടോയ്ലറ്റിൽ കണ്ടെത്തിയ സംശയകരമായ വസ്‍തു മുതിർന്നവർ ഉപയോഗിക്കുന്ന ഡയപ്പറാണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി. മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന കവറിൽ ഭദ്രമായി പൊതിഞ്ഞാണ് ഡയപ്പർ വെച്ചിരുന്നതെന്ന് എയർപോർട്ട് സുരക്ഷാ മേധാവി ജോസ് കാസ്ട്രോ പറഞ്ഞു. സംശയകരമായി കണ്ടെത്തിയ പാക്കറ്റിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)