പലസ്തീൻ ദുരിതാശ്വാസത്തിന് 5 കോടി ദിർഹം നൽകുമെന്ന് യുഎഇ
ദുബായ്∙ പലസ്തീനിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുഎഇ 5 കോടി ദിർഹം അടിയന്തരമായി അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദേശ പ്രകാരം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനീഷ്യേറ്റീവ് വഴിയാണ് ഫണ്ട് കൈമാറുന്നത്. ഇതിനിടെ പലസ്തീനിൽ യുദ്ധക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ ശ്രമം തുടങ്ങി. കംപാഷൻ ഫോർ ഗാസ എന്നു പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടനകളും സ്വകാര്യ മേഖലയും മാധ്യമങ്ങളും കൈകോർക്കും. കുട്ടികൾ അടക്കം ദുരിതം അനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസം എത്തിക്കാനാണ് യുഎഇയുടെ ശ്രമം. മരുന്നുകൾ, കൈക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാൻ കഴിയുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ സമാഹരിച്ചു നൽകും. എമിറേറ്റ്സ് റെഡ് ക്രസന്റ് ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)