ഗൾഫ് രാജ്യത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കസ്റ്റംസിന് ഒറ്റിക്കൊടുത്തു, യുവാവിനെ തട്ടിക്കൊണ്ടുപോയി; മൂന്നുപേർ പിടിയിൽ
കോഴിക്കോട്: സ്വർണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംഘത്തലവൻ മുക്കം മുരങ്ങംപുറായിൽ ചുടലക്കണ്ടി സി കെ ഷബീർ(36), കുന്ദമംഗലം വരട്യാക്കിൽ ചാലിപ്പുറായിൽ സി പി അരുൺ(26), കൊടുവള്ളി മാനിപുരം പഠിപ്പുരക്കൽ അബ്ദുൾ റഹീം(36) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സൗദിയിൽ നിന്ന് എത്തിച്ച അരക്കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് ഓമശ്ശേരി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയത്.
രണ്ട് മാസം മുമ്പ് സൗദിൽ നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയിൽ നിന്ന് അരക്കിലോയോളം സ്വർണ്ണം കരിപ്പൂർ എയർപോർട്ടിൽ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വർണ്ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം എട്ടിന് രാത്രിയായിരുന്നു സംഭവം.
കൊടുവള്ളി ഇൻസ്പെക്ടർ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ തമിഴ്നാട്ടിലേക്ക് കടന്ന സംഘത്തെ തേടി കൊടുവള്ളി ഇൻസ്പെക്ടർ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടെങ്കിലും പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഷബീർ നാട്ടിലേക്ക് തിരിച്ചു. അന്വേഷണ സംഘം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്തുവെച്ച് ഷബീറിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ കൂടി പിടികൂടിയത്.
ഷബീറിന്റെ സഹോദരൻ ഷക്കീൽ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിന് മൊഴി നൽകിയിരുന്നു. സംസാരിക്കാനെന്ന വ്യാജേനെ കാറിൽ കയറ്റുകയും മുക്കം ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. മർദ്ദിച്ച് അവശനാക്കിയാണ് വഴിയിൽ ഉപേക്ഷിച്ചതെന്നും ഇയാൾ മൊഴി നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)