യുഎഇയിൽ ഇനി വാഹനങ്ങളുടെ വേഗം കുറച്ചാൽ അപകടലൈറ്റുകൾ തെളിയും
അപകടങ്ങൾ തടയുന്നതിന്റെയും, റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ഷാർജയിലെ ടാക്സി കാറുകളിൽ ബ്രേക്ക് പ്ലസ് സഡൻ സ്റ്റോപ് സംവിധാനം അവതരിപ്പിച്ച് ഷാർജ റോഡ് സുരക്ഷ അതോറിറ്റി. ഓടിക്കൊണ്ടിരിക്കെ ദ്രുതഗതിയിൽ വേഗം കുറക്കുകയോ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയോ ചെയ്താൽ വാഹനത്തിന്റെ പിൻവശത്തെ ഹസാർഡ് ലൈറ്റുകൾ തെളിയുന്നതാണ് പുതിയ സംവിധാനം. ഇത് പിന്നിൽവരുന്ന ഡ്രൈവർമാർക്ക് അപകടസൂചന നൽകുകയും വേഗം കുറക്കാൻ മുന്നറിയിപ്പായി പ്രവർത്തിക്കുകയും ചെയ്യും. ഷാർജ ടാക്സിയുടെ എല്ലാ വാഹനങ്ങളിലും പുതിയ സുരക്ഷ ഉപകരണം സ്ഥാപിച്ച് ബ്രേക്കിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഷാർജ ടാക്സിയിലെ ട്രാഫിക് സേഫ്റ്റി ടീം മേധാവിയും ഒസൂൾ ട്രാൻസ്പോർട്ട് സൊല്യൂഷൻസിലെ ഓപറേഷൻസ് ആക്ടിങ് ഡയറക്ടറുമായ മുസ്തഫ ശാലബി പറഞ്ഞു. ഗതാഗത സുരക്ഷ കൈവരിക്കുന്നതിന് ഏറ്റവും മികച്ച സേവനങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്ന് ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിന്ദി പറഞ്ഞു. ഷാർജ എമിറേറ്റിൽ പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ഷാർജ ടാക്സി, ഷാർജ സർക്കാറിന്റെ നിക്ഷേപ വിഭാഗമായ ഷാർജ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ പദ്ധതിയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)