ഹജ്ജ് തീർഥാടകരിൽ നിന്ന് 30 ലക്ഷം ദിർഹം തട്ടിയെടുത്ത മലയാളി ടൂർ ഓപ്പറേറ്റർ പിടിയിൽ
യുഎഇയിൽ ഹജ്ജ് തീർഥാടകരെ വഞ്ചിച്ച് പണം തട്ടിയ മലയാളി അറസ്റ്റിൽ. ഷാർജ ആസ്ഥാനമായ ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി ഉടമ ഷബിൻ റഷീദിനെയാണ് (44) ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. യുഎഇ നിവാസികളായ 150 പേരിൽ നിന്നായി ഏതാണ്ട് 30 ലക്ഷം ദിർഹമാണ് ഇയാൾ വാങ്ങിയത്. കേസിൽ ഈ മാസം തുടക്കത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പണം വാങ്ങിയ ശേഷം, യാത്രക്ക് ദിവസങ്ങൾക്കുമുമ്പ് മെഡിക്കൽ സെന്ററിലെത്തിയ ഇവരിൽനിന്ന് ഹജ്ജിനുള്ള ഔദ്യോഗിക യാത്രാരേഖകൾ അധികൃതർ ആവശ്യപ്പെട്ടപ്പോഴാണ് വഞ്ചിതരായ വിവരം അറിഞ്ഞത്. തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാർ കഴിഞ്ഞ ജൂണിൽ ഇയാളെ സമീപിച്ചിരുന്നു.
തുടക്കത്തിൽ, യാത്രക്കാരോട് റഷീദ് ക്ഷമാപണം നടത്തുകയും വിസ നൽകുന്നതിൽ അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. പണം തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി പരാതിക്കാർ പറഞ്ഞു. യാത്രക്കാരുടെ താമസത്തിനായി ചെലവഴിച്ച തുക പൂർണമായി തിരികെ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം പാലിച്ചില്ല. ഇതിനിടെ ഇയാൾ ഇന്ത്യയിലെ ആസ്തി വിൽപന നടത്തി പണം തിരികെ നൽകാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. സൗദി കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകുന്ന കാര്യവും ഇദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഫലം കാണാതായതോടെ ആഗസ്റ്റ് മൂന്നിന് വഞ്ചിതരായവരിൽ പലരും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി കാണിച്ച് ദുബൈ പൊലീസിൽനിന്ന് അറിയിപ്പ് ലഭിച്ചതായും പരാതിക്കാർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FPfGhX06KYB3PAP2rIkMHF
Comments (0)